കണ്ണൂര്‍: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ ക്യാംപയിനിന്റെ ഭാഗമായി കണ്ണൂര്‍ ടീച്ചര്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസിലെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് കാമ്പസിനകത്ത് ശുചീകരണയജ്ഞം നടത്തി. ഏപ്രില്‍ രണ്ടോടെ പ്ലാസ്റ്റിക് കാരിബാഗ്, ഡിസ്പോസബ്ള്‍ പ്ലെയിറ്റുകള്‍, കപ്പുകള്‍ എന്നിവയില്‍ നിന്ന് മുക്തമായ ജില്ലയായി കണ്ണൂരിനെ മാറ്റിയെടുക്കുന്നതിനുള്ള ക്യാംപയിന് കലാലയങ്ങളിലൂടെ ശക്തിപ്പെടുകയാണ് ലക്ഷ്യമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. വിദ്യാര്‍ഥികളിലൂടെ പ്ലാസ്റ്റിക് ബാഗുകള്‍ സ്കൂളിലെത്തിച്ച് അവ സംസ്ക്കരണ ശാലകളിലേക്കയക്കുന്ന കലക്ടര്‍ അറ്റ് സ്കൂള്‍ പദ്ധതി വന്‍ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതുവഴി വീടുകളിലെ പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കാനാവുന്നു എന്നുമാത്രമല്ല, പ്ലാസ്റ്റിക് മാലിന്യത്തിന്റെ അപകടത്തെക്കുറിച്ചും അവ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളില്‍ അവബോധം സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്യുന്നു. നാടിനെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ശ്രമത്തില്‍ പുതുതലമുറയുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
കാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ഡിഡിഇ ഓഫീസ്, ടീച്ചര്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് (മെന്‍), ആര്‍എംഎസ്എ, എസ്എസ്എ ഓഫീസ്, കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, കണ്ണൂര്‍ നോര്‍ത്ത് ബിആര്‍സി, ശിക്ഷക് സദന്, സയന്‍സ് പാര്‍ക്ക് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരും, അധ്യാപകരും, കുട്ടികളും, അധ്യാപക വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 300 ഓളം പേരാണ് ക്യാംപസ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. അതോടൊപ്പം ഓരോരുത്തരും വീടുകളില്‍ നിന്നും കഴുകി വൃത്തിയാക്കി ഉണക്കി കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
ഡിസ്പോസബ്ള്‍ സാധനങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓരോ ഓഫീസിലും സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും ക്യാംപയിന്റെ ഭാഗമായി വിതരണം ചെയ്തു. പി.ആര്.വസന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.വി.പുരുഷോത്തമന്, കെ.എം.കൃഷ്ണദാസ്, കെ.വി.സുരേന്ദ്രന്, കൃഷ്ണന് കുറിയ, ചന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഡിഡിഇ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സി.പി.പത്മരാജ് സ്വാഗതവും രാധാകൃഷ്ണന് മാണിക്കോത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: