കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ കല്ല്യാശ്ശേരിയിലുള്ള സെന്റര്‍ ഓഫ് എക്സലന്‍സില്‍ സംസ്ഥാന സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ സെന്റര്‍ നവംബര്‍ അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന തുടര്‍വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ജി.എസ്.ഗിരീഷ്കുമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷുമായി സംസാരിച്ച് ധാരണാപത്രത്തിന് അന്തിമരൂപം നല്കി. സിവില്‍ സര്‍വ്വീസ് അക്കാദമി സെന്റര്‍ കണ്ണൂരില്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞമാസം ഭരണാനുമതി നല്കി ഉത്തരവായിരുന്നു.
8, 9, 10 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ടാലന്‍്റ് ഡവലപ്മെന്റ് കോഴ്സും, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും ഒന്നാം വര്‍ഷ ബിരുദ വിദ്യാറഥികള്ക്കുമായി ഫൗണ്ടേഷന് കോഴ്സുമാണ് ഇവിടെ ഉണ്ടാവുക. രണ്ട് വിഭാഗത്തിലും രണ്ട് വീതം ബാച്ചിലായി ആകെ 280 പേര്‍ക്ക് പ്രവേശനം ലഭിക്കും. 51 ശതമാനം സീറ്റ് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യും. ആവശ്യമായ പട്ടികജാതി വിദ്യാര്‍ഥികള്‍ ഇല്ലെങ്കില്‍ മാത്രം ഈ വിഭാഗത്തില്‍ ബാക്കിയുള്ള സീറ്റില്‍ ജനറല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കും. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ രണ്ട് ബാച്ച് വീതം അധികമായി ആരംഭിക്കുന്നതിനും കഴിയുമെന്ന് ഡോ.ഗിരീഷ്കുമാര്‍ പറഞ്ഞു. ഇതുവഴി 280 േപര്‍ക്ക് കൂടി പരിശീലനം നല്കാന് കഴിയും. ഞായറാഴ്ചകളിലായിരിക്കും പരിശീലനം.
സെന്റര്‍ ഉദ്ഘാടനത്തിന് മുമ്പ് സിവില്‍സര്‍വ്വീസ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ ക്ലാസില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. സംസ്ഥാന സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ സിലബസും മൊഡ്യൂളും അടിസ്ഥാനമാക്കിയായിരിക്കും പരിശീലന ക്ലാസുകള്‍.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സെന്ററിലെ അധ്യാപകരായിരക്കും ക്ലാസുകള്‍ കൈകാര്യം ചെയ്യുക. തുടര്‍ന്ന് ഇവിടെയുള്ള പരിശീലകരെ കണ്ടെത്തി പരിശീലനം നല്കി നിയോഗിക്കും. അധ്യാപകര്‍ക്കുള്ള പരിശീലനവും ഉദ്ഘാടനത്തിന് മുമ്പ് നടത്തും. കല്ല്യാശ്ശേരി സെന്റര്‍ ഫോര്‍ എക്സലന്‍സിലെ രണ്ട് ക്ലാസ് മുറികളാണ് പരിശീലനത്തിനായി തയ്യാറാക്കുക. ഭാവിയില്‍ തിരുവനന്തുരത്തെ സെന്ററില്‍ നിന്ന് വിദഗ്ധരുടെ ക്ലാസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ലഭ്യമാക്കാനുള്ള വെര്‍ച്ച്വല്‍ ക്ലാസ്മുറി സംവിധാനം രൂപപ്പെടുത്താന്‍ പരിപാടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: