ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി 2016 ആഗസ്റ്റ് മാസം 15 ന് ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിനപ്രസംഗത്തിനെ തുടര്‍ന്ന് ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശലംഘനങ്ങളും ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. മോദി തൊടുത്തുവിട്ട ‘ബലൂചാസ്ത്രം’ ലക്ഷ്യത്തില്‍തന്നെ കൊണ്ടു എന്നതില്‍ നമുക്കഭിമാനിക്കാം. സ്വാതന്ത്യദിനത്തിന് രണ്ട് ദിവസം മുമ്പ് ദല്‍ഹിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞതില്‍ ബലൂചി പ്രശ്‌നവും ഉള്‍പ്പെട്ടിരുന്നു. അന്നത്തെ നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഇതായിരുന്നു: ”ബലൂചിസ്ഥാനിലും പാക്ക് അധീന കശ്മീരിലും ഗില്‍ഗിത്തിലും മറ്റ് പ്രദേശങ്ങളിലും പാക്ക് സേന നടത്തുന്ന അതിക്രമങ്ങള്‍ ലോകത്തിന് മുമ്പില്‍ കൊണ്ടുവരേണ്ട സമയമായിരിക്കുന്നു”. ഈ പ്രസ്താവനയെ സ്വാഗതം ചെയ്ത ബലൂചി-പാക്ക് അധീന കശ്മീര്‍ നേതാക്കളോട് നന്ദി സൂചിപ്പിച്ചുകൊണ്ട് മോദി നടത്തിയ വിലയിരുത്തലില്‍ ഇപ്രകാരം പറയകയുണ്ടായി: ”ബലൂചിസ്ഥാനില്‍ എന്നോട് നന്ദി രേഖപ്പെടുത്തിയത് യഥാര്‍ത്ഥത്തില്‍ 125 കോടി ഭാരതീയരോടും നന്ദി രേഖപ്പെടുത്തിയതിന് തുല്യമാണ്”.
ചെങ്കോട്ടയിലെ മോദിയുടെ ബൂലചി മോചന പ്രഖ്യാപനം നേടിയ പിന്തുണ സുപ്രധാനമാണ്. പക്ഷേ അത് ബംഗ്ലാദേശ് വിമോചനം പോലെ എളുപ്പത്തില്‍ ഭാരതത്തിന് നേരിട്ട് ചെയ്യാവുന്ന ഒന്നല്ല. ഭാരതവും പാകിസ്ഥാനും അണുവായുധം സ്വായത്തമാക്കിയിട്ടുള്ള രാജ്യങ്ങളാണ്. പാക്കിസ്ഥാനില്‍നിന്ന് ബലൂചിസ്ഥാനെ അടര്‍ത്തി മാറ്റാന്‍ നേരിട്ട് ഭാരതം ശ്രമിക്കുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ പേശീബലംകൊണ്ട് ഒരു രാജ്യത്തെ കീഴടക്കി ചൂഷണം ചെയ്യുകയും കൊന്നൊടുക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ കൊള്ളരുതായ്‌മ ഉറക്കെ, ഉറപ്പിച്ച് ലോകത്തോട് പറയാന്‍ ഭാരത പ്രധാനമന്ത്രിക്ക് കഴിഞ്ഞിരിക്കുന്നു. ഈ തന്ത്രപരമായ മുന്നേറ്റം നരേന്ദ്രമോദി എന്ന രാഷ്‌ട്രതന്ത്രജ്ഞന്‍ കൈവരിച്ച നേട്ടവും; പാകിസ്ഥാന്‍ എന്ന ഭീകരതാവളമായ നാടിനേറ്റ കനത്ത പ്രഹരവുമാണ്.
ലോകമെമ്പാടും മര്‍ദ്ദനത്തിനും അടിച്ചമര്‍ത്തലിനും വിധേയരാകുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യവും സഹാനുഭൂതിയും പ്രകടിപ്പിച്ച ചരിത്രമുള്ള നാടാണ് ഭാരതം. 1927-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ‘ലോക അപ്പാര്‍ത്തിഡ് വിരുദ്ധ സമ്മേളനത്തിലേക്ക്’ പ്രതിനിധികളെ അയച്ച ചരിത്രമുണ്ട്. അധാര്‍മ്മികവും നിയമവിരുദ്ധവുമായി പാക്കിസ്ഥാന്‍ ബലൂചിസ്ഥാനെ കീഴടക്കി അധീനതയിലാക്കി അനുഭവിച്ചുവരികയാണ്. 1948-ല്‍ പാക്കിസ്ഥാന്‍ സൈന്യം ബലൂച് കീഴടക്കുമ്പോള്‍ അതൊരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആയിരുന്നു. 1947 ആഗസ്റ്റ് 14 ന് പാകിസ്ഥാന്‍ രൂപീകൃതമാകുന്നതിന് മുമ്പ് തന്നെ ബലൂചിസ്ഥാന്‍ ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം നേടിയിരുന്നു. ആ രാജ്യം അന്ന് കലാട എന്നാണ് അറിയപ്പെട്ടിരുന്നത്. ബലൂച് സംസ്ഥാനത്തിന്റെ തലസ്ഥാനമാണത്. വൈസ്രോയിയും ജിന്നയും ബലൂച് കലാട രാജ്യ ഭരണാധിപനും ചേര്‍ന്ന് 1947 ല്‍ പുറപ്പെടുവിച്ച കമ്യൂണിക്കേയില്‍തന്നെ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ”പാക്കിസ്ഥാന്‍ ഗവര്‍മെന്റ് കലാടിനെ പരമാധികാര രാഷ്‌ട്രമായി അംഗീകരിക്കുന്നു. മറ്റ് ഇന്ത്യന്‍ സ്റ്റേറ്റുകളില്‍നിന്ന് വ്യത്യസ്തമായ ഉടമ്പടികള്‍ ബന്ധങ്ങള്‍ തമ്മില്‍ തീരുമാനിക്കും”. ബ്രിട്ടീഷുകാരുമായുള്ള ഇടപാടുകളില്‍ കലാട് രാജാവ് മീര്‍ അഹമ്മദി യാര്‍ഖാന്‍ ജിന്നയെ അഭിഭാഷകനാക്കി കാര്യങ്ങള്‍ ഏല്‍പ്പിച്ചുകൊടുത്തിരുന്നു. എന്നാല്‍ ജിന്ന രാജാവിനെ ചതിക്കുകയായിരുന്നു. 1948 മാര്‍ച്ച് മാസത്തിലെ പാക്ക് സൈനിക കടന്നുകയറ്റവും അതിക്രമങ്ങളും ഈ ചതിയാണ് വിളിച്ചോതുന്നത്.
ഭാരത വിഭജനത്തിന് മുമ്പ് കലാടിന് ബ്രിട്ടന്‍ സ്വാതന്ത്ര്യം അനുവദിച്ച് നല്‍കിയിരുന്നു. 12.08.1947 മുതല്‍ 31.03.1948 ലെ പാക്ക് ഗവര്‍ണ്ണര്‍ ജനറല്‍ ജിന്നയുടെ പ്രഖ്യാപനം വരെ കലാട് സ്വതന്ത്ര്യരാജ്യമായിരുന്നു, പാക്കിസ്ഥാനും കലാടുമായുള്ള ബന്ധം തീര്‍ച്ചപ്പെടുത്തി അറിയിക്കാമെന്ന ധാരണ ജിന്നയും കലാട് ഖാനുമായി ഉണ്ടാക്കിയിരുന്നു. കലാട് പാര്‍ലമെന്റിന്റെ ലോക്‌സഭയായ ‘ദര്‍ – ഉള്‍ അവാം’ 21.02.1948 ന് യോഗം ചേര്‍ന്ന് പാക്കിസ്ഥാന്റെ ഭാഗമായി കലാട് മാറുന്നതിനെ എതിര്‍ക്കാ ന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു. ബലൂചിസ്ഥാന്‍ അസംബ്ലിയുടെയും ജനങ്ങളുടെയും അഭിലാഷങ്ങളെ സൈനിക ബലം ഉപയോഗിച്ച് ചവിട്ടി ഞെരിച്ചുകൊണ്ടാണ് ബലൂചിസ്ഥാനെ പാകിസ്ഥാന്റെ ഭാഗമാക്കിയത്.
പാക്കിസ്ഥാന്റെ ഈ അതിക്രമവും അധീശത്വവും വകവെച്ച് കൊടുക്കാന്‍ ബലൂചി ജനത തയ്യാറല്ലായിരുന്നു. 1948- ല്‍ ആദ്യ സ്വതന്ത്ര്യ സമരവും കലാപവും പൊട്ടിപ്പുറപ്പെട്ടുവെങ്കിലും അതിനെ പാക്ക് സൈന്യം ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നു. 1958-ലും 1962-ലും 1973-ലും 1993-ലും 2000-ലും 2005-ലും രൂക്ഷമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ ബലൂചില്‍ നടന്നിട്ടുണ്ട്. നിഷ്ഠുരമായ നരഹത്യകളും കൂട്ടക്കൊലകളും വഴി ജനമുന്നേറ്റത്തെ തടയാന്‍ പാക്ക് സൈന്യം ശ്രമിക്കുകയാണ് ഉണ്ടായത്. കുതന്ത്രങ്ങളും ചതികളും വഴിയാണ് പലപ്പോഴും ജനങ്ങളെ അവര്‍ നേരിട്ടത്.
2005-ല്‍ പര്‍വ്വേസ് മുഷ്‌റഫിന്റെ മര്‍ദ്ദക സംവിധാനം ബലൂചിലെ ഏറ്റവും ബഹുമാന്യനായ നേതാവ് നവാബ് അക്ബര്‍ ബുഗ്തിയെ പട്ടാപകല്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ കലാപങ്ങള്‍ ഇപ്പോഴും അവിടെ തുടരുകയാണ്. ഈ പ്രക്ഷോഭത്തിന്റെ നായകന്‍മാരില്‍ ഒരാളായ ബ്രഹ്മംഭ ബുഗ്തി ബലൂചിസ്ഥാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമരക്കാരന്‍ കൂടിയാണ്. പാക്കിസ്ഥാന്‍ അടിമയാക്കിയ ബലൂചിസ്ഥാനെ ഹിന്ദുസ്ഥാന്‍ സ്വതന്ത്രമാക്കണമെന്ന് ബുഗ്തി പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. നരേന്ദ്രമോദിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത ഇദ്ദേഹം ബലൂചിസ്ഥാന്‍ വിഷയം ഭാരതത്തിന്റെ വിദേശനയത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യമായി ബലൂചിസ്ഥാന്‍ പ്രശ്‌നം ഉയര്‍ത്തികാട്ടുന്നതിന് ബലൂചി ജനത ഇഷ്ടപ്പെടുന്നില്ല. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തെ ആയുധബലം കൊണ്ട് കീഴടക്കി അടിച്ചമര്‍ത്തി ചൂഷണം ചെയ്യുകയാണെന്ന് ബലൂചി സമരനേതാക്കള്‍ അഭിപ്രായപ്പെടുന്നു. കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകം ആയതിനാല്‍ അത് ഭാരതത്തിന്റെ ആഭ്യന്തരപ്രശ്‌നമാണ്. എന്നാല്‍ ബലൂചി പ്രശ്‌നം അങ്ങനെയല്ല. ലോക ബലൂച് വനിതാ ഫോറത്തിന്റെ അദ്ധ്യക്ഷയായ നൈലാ കാദ്രി ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ്. പ്രതിദിനം പാക്കിസ്ഥാന്‍ ഭരണകൂടം നൂറോളം ബലൂചികളെയെങ്കിലും കൊല്ലുന്നു. ഏതാണ്ട് 30,000 ത്തോളം ബലൂചി യുവാക്കളെ കാണാതായിട്ടുണ്ട്. ഇവരെ പിടിച്ചുകൊണ്ടുപോയി ആന്തരിക അവയവങ്ങളും മറ്റും കവര്‍ന്നെടുത്ത് പാക്ക് സൈന്യം വില്‍പന നടത്തുകയാണെന്ന് ഈ വനിത അന്താരാഷ്‌ട്ര സമൂഹത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ്. ജലസ്രോതസ്സുകളില്‍ വിഷംകലര്‍ത്തിയും, മാരക ഗ്യാസ് തുറന്നുവിട്ടും ബലൂചികളെ കൂട്ടക്കൊല ചെയ്യുന്നതായും അവര്‍ ആരോപിക്കുന്നു. ബലൂചി ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും ചുട്ടുകൊല്ലുകയും പഞ്ചാബികളെക്കൊണ്ട് ആ പ്രദേശങ്ങള്‍ നിറയ്‌ക്കുകയുമാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്ന് കാദ്രി ലോക മനഃസാക്ഷിയോട് പറഞ്ഞിരിക്കുകയാണ്. ഈ പ്രശ്‌നത്തിനെക്കുറിച്ച് പുറംലോകത്തിന് ശരിയായ വിവരം നല്‍കാന്‍ ഭാരത പ്രധാനമന്ത്രിയുടെ ഉദ്യമങ്ങള്‍ സഹായകമാണ്.
ബലൂചിസ്ഥാന് മഹത്തായ സാംസ്‌കാരിക പൈതൃകം ഉദ്‌ഘോഷിക്കുന്ന ചരിത്രമാണുള്ളത്. ഭാരതവര്‍ഷത്തിന്റെ പൈതൃകം അവര്‍ കാത്തുസൂക്ഷിച്ചുവരുന്നു. 1948 ല്‍ ബലൂച് ഭാരതത്തില്‍ ലയിക്കണമെന്ന് അവിടുത്തെ രാജാവ് ആവശ്യപ്പെട്ടിരുന്നതായി ചില ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ഭാരത വിദേശകാര്യ പ്രമുഖനായിരുന്ന വി.പി.മേനോന്‍ 1948 മാര്‍ച്ച് 27-ന് നടത്തിയ റേഡിയോ പ്രഭാഷണത്തില്‍ ബലൂചിസ്ഥാനിലെ രാജാവ് തങ്ങള്‍ക്ക് ഭാരതത്തില്‍ ലയിക്കണമെന്ന് ആവശ്യപ്പെട്ടതായും, എന്നാല്‍ ഭാരതത്തിന് അതില്‍ താല്‍പ്പര്യമില്ലെന്നും പ്രഖ്യാപിച്ചിരുന്നു. നെഹ്‌റുവും സര്‍ദാര്‍ പട്ടേലും ഇക്കാര്യത്തില്‍ താല്‍പര്യമെടുത്തിരുന്നില്ലെന്നും ഇതില്‍ കലാട് രാജാവ് നിരാശനായിരുന്നുവെന്നും ചരിത്രം പറയുന്നുണ്ട്. പക്ഷേ നെഹ്‌റുവും പട്ടേലും ഇത് നിഷേധിച്ചിട്ടുണ്ട്. ഭാരതത്തിനൊപ്പം ചേരാനുള്ള പക്തൂ ണിസ്ഥാന്റെ ആവശ്യത്തെയും ഭാരതം നിരാകരിക്കുകയായിരുന്നു. ആസാദ് കശ്മീര്‍ എന്നവര്‍ വിളിക്കുന്ന ഭാരത പ്രദേശത്തെ പിടിച്ചെടുക്കാന്‍ ഭാരത സൈന്യം മുന്നേറിയപ്പോള്‍ അവരെ നിര്‍ബന്ധിച്ച് പിന്‍വലിച്ച 1948-ലെ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തെ ജനറല്‍ കരിയപ്പയും പിന്നീട് വിമര്‍ശിച്ചിട്ടുണ്ട്.
സര്‍ഹജ്ഖാനും, അബ്ദുള്‍ ഗാഫര്‍ ഖാനും, 1947-1948 ല്‍ ഭാരത ഭരണകൂടം തങ്ങളെ പാകിസ്ഥാന് വിട്ടുകൊടുത്ത് ചതിച്ചുവെന്ന് വിശ്വസിക്കുന്നവരാണ്. സര്‍ഹജ് ഖാന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത് ഇപ്രകാരമാണ്: ”ഞങ്ങളെ ചെന്നായ്‌ക്കള്‍ക്ക് (പാകിസ്ഥാന്‍) സമര്‍പ്പിച്ചു. ബലൂചി ജനതയെയും ചെന്നായ്‌ക്കള്‍ക്ക് വിട്ടുകൊടുത്തു.” ഈ തെറ്റ് തിരുത്താന്‍ വ്യവസ്ഥാപിത മാര്‍ഗ്ഗം സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ ആഗ്രഹിക്കുന്നു. പക്ഷേ യുദ്ധത്തിന്റെ മാര്‍ഗ്ഗം വര്‍ത്തമാന ഭാരത ഭരണകൂടം അഭിലഷിക്കുന്നില്ല.
പാക്കിസ്ഥാന്‍ ഭൂപ്രദേശത്തിന്റെ 43.3% ബലൂചിസ്ഥാന്‍ ആണ്. ഒരു കോടിയോളമാണ് ഇവിടുത്തെ ജനസംഖ്യ. ബലൂച്, പഷ്തൂണ്‍, മക്രാണി, ബ്രാഹി എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവരാണിവര്‍. ബലൂചി സ്വത്വത്തെ ഇല്ലാതാക്കാന്‍ പുതിയ ഗ്വഡാര്‍ സിറ്റി നിര്‍മ്മിച്ച് മറ്റാളുകളെക്കൊണ്ട് ഈ പ്രദേശത്ത് കുത്തിനിറയ്‌ക്കുകയാണ് പാക്കിസ്ഥാന്‍. പ്രകൃതിവിഭവങ്ങളായ നാച്വറല്‍ ഗ്യാസ്, പെട്രോളിയം, സ്വര്‍ണ്ണം, ചെമ്പ് തുടങ്ങിയ അക്ഷയഖനികളെല്ലാം പാക്കിസ്ഥാന്‍ കൊള്ളയടിച്ച് കൊണ്ടുപോവുകയും പകരം പഞ്ചാബി പട്ടാളത്തിന്റെ ഉരുക്ക് മുഷ്ടിക്ക് കീഴില്‍ ബലൂചികളെ ഇല്ലാതാക്കുകയുമാണ്. പാക്കിസ്ഥാന്റെ മൊത്തം നാച്ച്വറല്‍ ഗ്യാസിന്റെ 68 ശതമാനവും ലഭിക്കുന്നത് ബലൂചിസ്ഥാനില്‍നിന്നാണ്. ഏഴ് പതിറ്റാണ്ട് കാലത്തെ പാക്ക് ആധിപത്യത്തിനുശേഷവും ബലൂചിസ്ഥാനിലെ 47 ശതമാനം വീടുകളും വൈദ്യുതീകരിക്കപ്പെട്ടിട്ടില്ല. വനിതാവിദ്യാഭ്യാസം രണ്ട് ശതമാനം മാത്രമാണ്.
പാക്കിസ്ഥാന്റെ നട്ടെല്ല് എന്നുപറയുന്നത് പഞ്ചാബി സേനയാണ്. ഈ സേനയുടെ പേരുകേട്ടാല്‍ പെട്ടെന്നുതോന്നുന്ന ചിത്രം കൂട്ടകൊല, അതിക്രമം, ബലാല്‍സംഗം, ജനങ്ങളെ കൊന്നൊടുക്കല്‍ തുടങ്ങിയ ഹീനമായ കുറ്റങ്ങളാണ്. ജനങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പഞ്ചാബി സേന അതീവ തല്‍പ്പരരാണ്. അടുത്തകാലത്ത് പുറത്തുവന്ന കണക്ക് അനുസരിച്ച് 5,000 ബലൂചികള്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 30000 പേരെ കാണാതായിട്ടുണ്ട്. ബലാല്‍സംഗത്തിനും തുടര്‍മരണത്തിനും ഇരകളായ വനിതകളുടെ എണ്ണം വളരെയേറെയാണ്. നിയമക്രമങ്ങളും കോടതികളുമൊക്കെ പാക്കിസ്ഥാന്‍ മര്‍ദ്ദക സംവിധാനത്തിന്റെ കുഴലൂത്തുകാരാണ്.
ബലൂചിലെ സ്വാതന്ത്ര്യ സമരത്തെ പരോക്ഷമായി ഭാരത പ്രധാനമന്ത്രി പിന്തുണച്ചിരിക്കുകയാണ്. ഇത് സ്വാതന്ത്ര്യസമരസേനാനികളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യദാഹികളായ ബലൂചികളുടെ ന്യായമായ ആവശ്യങ്ങളും അവര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും പുറംലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നരേന്ദ്രമോദിയുടെ ഉദ്യമം സഹായകമാണ്. പാക്കിസ്ഥാന് ഉറക്കം കെടുന്ന രാത്രികളാണ് ഇപ്പോഴുള്ളത്. പാകിസ്ഥാന്‍ കൂടുതല്‍ ദുര്‍ബ്ബലമാകുന്ന അവസ്ഥയും ദൃശ്യമായിക്കൊണ്ടിരിക്കുന്നു. ബലൂചി പ്രശ്‌നം വന്‍ കീറാമുട്ടിയായി പാക്കിസ്ഥാനെ തിന്നുതീര്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
















