ന്യൂദല്‍ഹി: ടൈംസ് നൗ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം ഒഴിഞ്ഞ അര്‍ണബ് ഗോസ്വാമിയുടെ വിടവാങ്ങള്‍ പ്രസംഗത്തില്‍ പറയുന്നു, കളി തുടങ്ങിയിട്ടേ ഉള്ളെന്ന്. ജീവനക്കാരെ അഭിസംബോധന ചെയ്തതിലെ മൂന്നു മിനുട്ട് ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്വതന്ത്ര മാധ്യമമെന്ന സങ്കല്‍പ്പത്തിലെ വിശ്വാസ്യത വെടിയരുതെന്നാണ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഉപദേശം. ”സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ആര്‍ക്കും പഠിപ്പിക്കാനാവില്ല. അതുണ്ടായവരേണ്ടതാണ്. എനിക്കതു ചെയ്യാനായത് നിങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടുമാത്രമാണ്,” അര്‍ണബ് പറഞ്ഞു.
ചില ജീവനക്കാരോട് ചിലപ്പോള്‍ കയര്‍ത്തു സംസാരിക്കേണ്ടിവന്നിട്ടുണ്ടാകാമെന്നും അതില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞ അര്‍ണബ്, ചാനല്‍ മറ്റ് ഏതിനേയുംകാള്‍ മേലേ എത്തണമെന്ന കാരണത്താലാണെന്ന് വിശദീകരിച്ചു.
ഒരിടത്തുതന്നെ കിടന്ന് പൂപ്പല്‍ പിടിക്കാനാഗ്രഹിക്കുന്നില്ലെന്നും അര്‍ണബ് പറഞ്ഞു. 10 വര്‍ഷം തലപ്പത്തിരുന്ന ശേഷമാണ് ടൈംസ് നൗ വിടുന്നത്. അതിനു മുമ്പ് 10 വര്‍ഷം എന്‍ഡിടിവിയിലുണ്ടായിരുന്നു. ആഗോള വേദിയിലെ ഭാരത ചാനല്‍ എന്നതാണ് അര്‍ണബിന്റെ സങ്കല്‍പ്പം.
















