ശ്രീനഗര്‍: ലഷ്‌കര്‍ ഇ തൊയ്ബ ഭീകരൻ ഒമര്‍ ഖാലിദിനെ പോലീസ് പിടികൂടി. വടക്കൻ കശ്മീരിലെ സോംപോര പ്രദേശത്തെ തുജ്ജര്‍ മേഖലയില്‍ നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം രണ്ട് തെഹ്രീക് ഇ ജിഹാദ് ഇ ഇസ്ലാമി (ടിജെഐ) പ്രവർത്തകർ ഉള്‍പ്പെടെ നാല് ഭീകരരും ഖാലിദിനൊപ്പം പിടിയിലായിട്ടുണ്ട്.
രജപുത്താൻ റൈഫിള്‍സും കശ്മീർ പോലീസും സംയുക്തമായിട്ടാണ് തെരച്ചിൽ നടത്തിയത്. എകെ റൈഫിള്‍സ്, ഗ്രനേഡുകള്‍ തുടങ്ങിയവ ഇയാളുടെ പക്കല്‍നിന്ന് പിടിച്ചെടുത്തു. തെഹ്രീക് ഇ ജിഹാദ് ഇ ഇസ്ലാമി (ടിജെഐ) പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ്. കശ്മീരിൽ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനകളില്‍ ഒന്നാണ് ടിജെഐ എന്നാണ് റിപ്പോര്‍ട്ട്.
















