ന്യൂദല്‍ഹി: സൈനികരെ അപകടത്തിലാക്കുന്ന റിപ്പോര്‍ട്ടിംഗിന്റെ പേരില്‍ എന്‍ഡിടിവിയുടെ സംപ്രേക്ഷണം ഒരു ദിവസത്തേക്ക് തടഞ്ഞ് ഉത്തരവ്. ശിക്ഷാ നടപടിയുടെ ഭാഗമായി നവംബര്‍ 9ന് ഉച്ചക്ക് ഒന്ന് മുതല്‍ പിറ്റേന്ന് ഒരു മണിവരെ സംപ്രേക്ഷണം പാടില്ലെന്നാണ് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ്.
പത്താന്‍കോട്ട് സൈനിക ആസ്ഥാനത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ചാനലിലൂടെ തത്സമയം പുറത്തുവിട്ടതിന്റെ പേരിലാണ് എന്‍ഡിടിവിക്കെതിരെ നടപടി. ജനുവരി 2ന് നടന്ന ഭീകരാക്രമണശേഷം വ്യോമസേനാ താവളത്തില്‍ നിന്നുള്ള എന്‍ഡിടിവി റിപ്പോര്‍ട്ടറുടെ വിവരണം ഭീകരര്‍ക്ക് സൈനിക താവളത്തെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതായിരുന്നെന്ന് മന്ത്രിതല സമിതി കണ്ടെത്തി.
ഭീകരവിരുദ്ധ വേട്ടയിലേര്‍പ്പെട്ട സൈനികരുടെ ജീവന്‍ അപകടപ്പെടുത്തുന്ന നടപടികളാണ് എന്‍ഡിടിവിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം ചൂണ്ടിക്കാട്ടി. ഉറി ഭീകരാക്രമണശേഷം അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെ പോസ്റ്റുകള്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ട് ബര്‍ക്കാദത്ത് നടത്തിയ റിപ്പോര്‍ട്ടിംഗിനെതിരെയും പരാതിയുണ്ട്.
















