ബെംഗളൂരു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രുദ്രേഷിനെ വധിച്ച കേസില്‍ അറസ്റ്റിലായവര്‍ക്ക് ദക്ഷിണഭാരതത്തില്‍ നടന്ന ബോംബു സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് സൂചന. അല്‍ ഉമ്മ ബന്ധമുള്ള വാസിം, മുസാഫര്‍, മജീബ്, ഇര്‍ഫാന്‍ എന്നിവരാണ് വധക്കേസില്‍ പിടിയിലായത്.
ഏപ്രിലിനു ശേഷം ദക്ഷിണ ഭാരതത്തില്‍ നാലിടങ്ങളില്‍ (ആന്ധ്രയിലെ ചിറ്റൂര്‍, നെല്ലൂര്‍, മൈസൂരു, കൊല്ലം) നടന്ന ശക്തികുറഞ്ഞ ബോംബു സ്‌ഫോടനങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.
കണ്ണൂരില്‍ നടന്ന യോഗത്തിലാണ് രുദ്രേഷിനെ വധിക്കാനും കോടതി വളപ്പില്‍ സ്‌ഫോടനങ്ങള്‍ നടത്താനും തീരുമാനിച്ചത്. പല വിവാഹസ്ഥലങ്ങളിലും പൊതുപരിപാടികളിലും ഇവര്‍ ഈ രണ്ടു കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു.
ശിവാജിനഗറില്‍ വലിയ ജനസ്വാധീനമുള്ളയാളായിരുന്നു രുദ്രേഷ്. അദ്ദേഹം ജനകീയ നേതാവായി വളരുന്നതില്‍ ഇവര്‍ക്ക് അസ്വസ്ഥതയുണ്ടായിരുന്നു. രുദ്രേഷിനെ തന്നെ വധിക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഇര്‍ഫാന്‍ പാഷയായിരുന്നു. കൊലപാതകത്തിനു ശേഷം കേരളത്തിലേക്ക് മുങ്ങിയ പാഷ പിന്നീട് ആന്ധ്രയിലെ ചിറ്റൂരില്‍ എത്തി.
രുദ്രേഷിനെ വധിച്ച ദിവസം ഇവര്‍ മറ്റൊരു ആര്‍എസ്എസ് നേതാവിനെ വധിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ പിടിക്കപ്പെടുമെന്ന് തോന്നിയപ്പോള്‍ ആ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ രണ്ടു പേരെക്കൂടി അറസ്റ്റു ചെയ്യാനുണ്ട്. ഒക്‌ടോബര്‍ 16നാണ് രുദ്രേഷിനെ വധിച്ചത്.
അതിനിടെ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട് ബെംഗളൂരു ജില്ലാ പ്രസിഡന്റ് യാഷ്മിന്‍ ഷരീഫാണ് അറസ്റ്റിലായത്. ഇയാളായിരുന്നു കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍.
















