ശ്രീരാമ ജന്മഭൂമിയ്‌ക്കടുത്ത് കേന്ദ്ര സര്‍ക്കാര്‍ രാമായണ മ്യൂസിയം നിര്‍മ്മിക്കാന്‍ തുടക്കമിട്ടപ്പോള്‍, മുലായം സിങ്ങിന്റെ ‘കുടുംബത്തില്‍’ രാമായണം തത്സമയം. സാധനാ ഗുപ്തയെന്ന രണ്ടാം ഭാര്യ മുലായത്തിന്റെ പദ്ധതികളും മകന്‍ അഖിലേഷിന്റെ രാജ്യഭാര സാധ്യതകളുംതകര്‍ക്കുകയാണ്; കൈകേയിയെപ്പോലെ.
സാധനാ ഗുപ്ത മുലായത്തിന്റെ ജീവിതത്തില്‍ കടന്നു വന്നത് 1980 കളിലാണ്. അന്നവര്‍ ഏറെ സുന്ദരി, സമാജ്‌വാദി പാര്‍ട്ടിയുടെ താഴേത്തട്ടിലെ ഭാരവാഹി. ഒരിക്കല്‍ മുലായം ജീവിത സഖിയാകാന്‍ ക്ഷണിച്ചു. അവര്‍ അപ്പോള്‍ത്തന്നെ ഏറ്റു. വിവാഹം കഴിച്ചതായി ആര്‍ക്കും അറിയില്ല, ആഘോഷിച്ചിട്ടില്ല. 1988 ല്‍ മകന്‍ പിറന്നു. പ്രതീക് യാദവ്.
മുലായം ഈ ബന്ധം പരസ്യമാക്കാനാഗ്രഹിച്ചിരുന്നില്ല. എന്നാല്‍, സാധന, മുലായത്തിന്റെ വലംകൈ അമര്‍ സിങ്ങിന്റെ സഹായം തേടി. ആദ്യം മുലായത്തിന്റെ കുടുംബം അറിഞ്ഞു. ക്രമേണ, സാധനയുടെ രാഷ്‌ട്രീയ ബന്ധങ്ങളെത്തുടര്‍ന്ന് ജനവും. മുലായത്തിന്റെ ആദ്യ ഭാര്യ മാലതി ദേവി 2003 ല്‍ മരിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞ് സാധനയെ മുലായം ഭാര്യയെന്ന് ചിലര്‍ക്ക് പരിചയപ്പെടുത്തി. പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞേ ജനത്തിനു മുന്നില്‍ അവതരിപ്പിച്ചുള്ളു.
ഇപ്പോള്‍, അവസരം വന്നപ്പോള്‍ സാധനയിലെ രാഷ്‌ട്രീയക്കാരി ഉണര്‍ന്നു. മകന്‍ പ്രതീകിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അസംഗഢില്‍നിന്ന് മത്സരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. പ്രതീകാണ് വിസമ്മതിച്ചത്. പ്രതീകിന്റെ ഭാര്യ അപര്‍ണ്ണയെ സമ്മതിപ്പിച്ചു. മരുമകള്‍ വേണ്ടെന്ന പൊതു ധാരണയില്‍ പിന്നീടെത്തുകയായിരുന്നു. മുലായം വിരമിക്കുമ്പോള്‍ പാര്‍ട്ടിത്തലപ്പത്ത് ഇടം ഉറപ്പാക്കുകയാണ് സാധന.
















