ന്യൂദല്‍ഹി/ജമ്മു: ഭാരത- പാക്ക് അതിര്‍ത്തിയിലും അന്താരാഷ്‌ട്ര നിയന്ത്രണ രേഖയിലും നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പാക്ക് സൈന്യത്തിനെതിരെ ബിഎസ്എഫ്.
ഏതെങ്കിലും ഒരു ബിഎസ്എഫ് ജവാനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാല്‍ പാക്കിസ്ഥാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ബിഎസ്എഫ് വടക്കന്‍ കമാണ്ടന്റ് എഡിജി അരുണ്‍ കുമാര്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു ബിഎസ്എഫ് ഉന്നതോദ്യോഗസ്ഥന്റെ പ്രതികരണം.
മൂന്നു ദിവസത്തിനുള്ളില്‍ നിരവധി തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വെടിയേറ്റ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ഗുര്‍നാം സിങ് ഇന്നലെ മരിച്ചിരുന്നു. ബിഎസ്എഫ് ജവാന് വെടിയേറ്റയുടന്‍ ഭാരത സേന നടത്തിയ തിരിച്ചടിയില്‍ ഏഴ് പാക്ക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു.
വീരമൃത്യു വരിച്ച ജവാന്‍ ഗുര്‍നാംസിങിന് ജമ്മുവില്‍ ബിഎസ്എഫ് അന്തിമോപചാരം അര്‍പ്പിച്ചു. ബിഎസ്എഫിന് വേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
ഭീകരര്‍ക്ക് നുഴഞ്ഞുകയറാനുള്ള സഹായമായാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി രക്ഷാ സേനയായ പാക് റേഞ്ചേഴ്‌സ് ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരേ വെടിയുതിര്‍ക്കുന്നതെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.
















