അഴീക്കോട്: അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബറില്‍ വള്ളക്കാരും ബോട്ടുടമകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ന് കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍ അനുരഞ്ജന യോഗം നടക്കും. ദൂര പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെയും നിയമം കയ്യിലെടുക്കുകയും അതിക്രമം നടത്തുകയും ചെയ്യുന്ന വള്ളക്കാര്‍ക്കെതിരെയും കര്‍ശ്ശന നടപടി ഇന്നത്തെ യോഗത്തിലുണ്ടാകുമെന്നാണ് സൂചന. തീരദേശ പോലീസിന്റെ പരിശോധന കര്‍ശ്ശനമാക്കാനും കടലോര ജാഗ്രതാ സമിതി പുനരുജ്ജീവിപ്പിക്കാനും നടപടിയെടുക്കും. വള്ളങ്ങളില്‍ രജിസ്‌ട്രേഷന്‍ നമ്പറും പേരും രേഖപ്പെടുത്താനും ബോട്ടുകളില്‍ കളര്‍കോഡ് നടപ്പിലാക്കാനും ധാരണയായിട്ടുണ്ട്. വലിയ വള്ളക്കാരെകൂടി ഉള്‍പ്പെടുത്തി ഇന്ന് വൈകിട്ട് 3ന് വളപട്ടണം സിഐ ഓഫീസില്‍ വീണ്ടും യോഗം ചേരും. മത്സ്യ ബന്ധന ബോട്ടുകളും തൊഴിലാളികളും കടലില്‍ അക്രമിക്കപ്പെടുന്നതിനെതിരെ കര്‍ശ്ശന നടപടി ആവശ്യപ്പെട്ട് ബോട്ടുടമകളും മത്സ്യ വ്യാപാരികളും അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബറില്‍ നടത്തിവന്ന സമരം തുടരുകയാണ്.
കടലില്‍ ബോട്ടും തൊഴിലാളികളെയും കയ്യേറ്റം ചെയ്തത് നിസ്സാരമായി കാണാനാവില്ലെന്നും ശാശ്വത പരിഹാര നടപടികള്‍ ഉണ്ടാവണമെന്നുമാണ് ബോട്ടുടമകളുടെ ആവശ്യം.
















