കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യാലയത്തില്‍ നിന്ന് കൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് പ്രചരിപ്പിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഭാഗ് കാര്യാലയത്തില്‍ പോലീസ് വരികയോ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. വിഭാഗ് കാര്യാലയം റെയ്ഡ് ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ കാര്യാലയത്തില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന തരത്തില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണ്. പടുവിലായിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നെങ്കിലും ഇവരില്‍ ആരെയും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സംരക്ഷണം നല്‍കാനാണെന്ന് പറഞ്ഞാണ് ചിലരെ കസ്റ്റഡിയിലെടുത്തത്. ഇങ്ങനെ കസ്റ്റഡിയിലെടുത്തവരെ പ്രതികളാണെന്ന് പ്രചരിപ്പിക്കുന്നത് സിപിഎമ്മിനെ പ്രീണിപ്പിക്കാനാണ്. പാതിരിയാട് സിപിഎം സംഘം തകര്‍ത്ത വീടുകള്‍ നാളെ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കും. പിണറായിയിലും പരിസര പ്രദേശങ്ങളിലും സിപിഎം അക്രമം നടന്നിട്ട് ദിവസങ്ങളായി. അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇതുവരെയും അധികൃതര്‍ തയ്യാറായിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സംരക്ഷണം നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യാന്‍ സംഘടനാ നേതൃത്വം ആവശ്യമായത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ വി.ശശിധരനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















