കിര്‍ക്കുക്ക്: ഐഎസ് ലൈംഗിക അടിമകളോട് കാട്ടുന്ന വൈകൃതങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് 23കാരി യെസീദി യുവതി. അപരിഷ്‌കൃതമായ അവരുടെ ലൈംഗിക രീതികളെക്കുറിച്ചും യുവതി വെളിപ്പെടുത്തുന്നു.
ഒന്നിലേറെ പേര്‍ക്ക് ഇവര്‍ വില്‍ക്കപ്പെട്ടു. താനനുഭവിച്ച പീഡനങ്ങളും അവള്‍ വെളിപ്പെടുത്തുന്നു. പതിനാറുകാരിയായ തന്റെ സഹോദരിക്ക് ഏഴുപേരെ വിവാഹം ചെയ്യേണ്ടി വന്നു. അവളിപ്പോഴും സിറിയയില്‍ കഴിയുകയാണെന്നും ഇവള്‍ വെളിപ്പെടുത്തുന്നു. ഒരാള്‍ നാലു സ്ത്രീകളെ നിരത്തി നിര്‍ത്തി ബലാല്‍സംഗം ചെയ്യുന്നതിനും താന്‍ സാക്ഷ്യം വഹിച്ചു. മുലയൂട്ടിയിരുന്ന അമ്മയുടെ മാറില്‍ നിന്ന് കുഞ്ഞിനെ വലിച്ച് മാറ്റി അവരെ ബലാല്‍സംഗം ചെയ്യുന്നതിനും താന്‍ സാക്ഷിയായി. അഞ്ച് പേര്‍ക്ക് താന്‍ വില്‍ക്കപ്പെട്ടു.
ഫരീദ എന്ന ഈ യുവതി ആയിരക്കണക്കിന് യെസീദി സ്ത്രീകളുടെ പ്രതിനിധിയാണ്. രണ്ട് മാസം മുമ്പാണ് ഇവളെ രക്ഷിച്ചത്. യെസീദികള്‍ പിശാചിനെ ആരാധിക്കുന്നവരാണെന്നാണ് ഐഎസിന്റെ ഭാഷ്യം.
2014ല്‍ ഐഎസ് ജിഹാദികള്‍ സിന്‍ജാറില്‍ ധാരാളം യെസീദികളെ കൂട്ടക്കൊല ചെയ്തിരുന്നു. പതിനായിരങ്ങള്‍ പലായനം ചെയ്തു. ആയിരക്കണക്കിന് സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇവര്‍ പിടിച്ച് കൊണ്ടുപോയി പീഡിപ്പിക്കുന്നു.
















