ഇസ്ലാമാബാദ്: സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പാക്കിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഡോണ്‍ പത്രത്തിന്റെ ലേഖകന് ലോകരാജ്യങ്ങളുടെ പിന്തുണ ഏറുന്നു. രാജ്യം വിട്ടുപോകുന്നതില്‍ നിന്ന് നവാസ് സര്‍ക്കാര്‍ വിലക്കിയ സിറില്‍ അല്‍മെഡ ഗോവക്കാരനാണ്. പത്രം മാത്രമല്ല, ആംനസ്റ്റി ഇന്റര്‍നാഷണല്‍, പാക്കിസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷന്‍, പത്രപ്രവര്‍ത്തക അവകാശ സംരക്ഷണ സമിതി തുടങ്ങിയ അന്താരാഷ്‌ട്ര സമിതികളും പിന്തുണ പ്രഖ്യാപിച്ചു.തനിക്കെതിരേ കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവുമെന്ന് സിറില്‍ പ്രതികരിച്ചു.
പാക്കിസ്ഥാനിലെ ഏറ്റവും ന്യൂനപക്ഷമായ ഗോവന്‍ കാത്തോലിക് വിഭാഗത്തില്‍പ്പെടുന്നയാളാണ് സിറില്‍ അല്‍മെഡ. സിറിലിന്റെ കുടുംബം മൂന്ന് പതിറ്റാണ്ട് മുന്‍പ് ഗോവയില്‍ നിന്നും കറാച്ചിയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. കഴിഞ്ഞ വര്‍ഷം ഗോവ ആര്‍ട്‌സ് ആന്‍ഡ് ലിറ്ററസി ഫെസ്റ്റിവലിന് സിറില്‍ പനാജിയില്‍ എത്തിയിരുന്നു.
ഭാരതത്തിന്റെ സര്‍ജിക്കല്‍ ഓപ്പറേഷനു ശേഷം പ്രധാനമന്ത്രി നവാസ് ഷെരീഫ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പാക്ക് സൈനിക മേധാവിക്കും ഐഎസ്‌ഐയ്‌ക്കും വിമര്‍ശനമുണ്ടായതായി ദ ഡോണ്‍ പത്രത്തില്‍ അസിസ്റ്റന്റ് എഡിറ്ററായ സിറില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. തുടര്‍ന്നാണ് രാജ്യം വിട്ട്‌പോകുന്നതിന് പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയത്.
വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എഡിറ്റര്‍ പ്രത്യേക കുറിപ്പു പ്രസിദ്ധീകരിച്ചു. ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്ത നിഷേധിച്ചിട്ടില്ല. ആരും വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞിട്ടില്ല. വാര്‍ത്ത എങ്ങനെ പുറത്തുവന്നുവെന്നാണ് അന്വേഷിക്കുന്നത്. പല കേന്ദ്രങ്ങളില്‍ പരിശോധിച്ച് ശരിയെന്നുറപ്പായശേഷമാണ് വാര്‍ത്ത കൊടുത്തത്, എഡിറ്റര്‍ കുറിപ്പില്‍ വിശദീകരിക്കുന്നു.
















