മാന്നാര്‍: രോഗബാധിതയായ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വാഹനത്തിന് എംഎല്‍എയുടെ കാര്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്ത സംഭവത്തില്‍ സംഘര്‍ഷം. ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായരുടെ ഡ്രൈവര്‍ ആലാ സ്വദേശി ജോയിഷ് മത്തായി (27)യ്‌ക്ക് മര്‍ദ്ദനമേറ്റതായി പരാതി.
കഴിഞ്ഞ ദിവസം രാത്രി 8.30നായിരുന്നു സംഭവം. എണ്ണക്കാട് പ്ലാക്കാത്തറ കോളനിയിലെ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടി ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു എംഎല്‍എ. വീതികുറഞ്ഞ റോഡില്‍ എംഎല്‍എയുടെ കാര്‍ പാര്‍ക്ക് ചെയ്തത്. ഈ സമയത്ത് പ്രദേശവാസി കുട്ടിയുമായി ആശുപത്രിയിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ എത്തി. കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ജോയിഷ് ഇവരോട് കയര്‍ത്തു സംസാരിച്ചു.
തുടര്‍ന്ന് വാക്കു തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. ജോയിഷ് വേദിയിലെത്തി എംഎല്‍എയോട് വിവരം പറഞ്ഞു. എംഎല്‍എയെയും കൂട്ടി വീണ്ടും സ്ഥലത്ത് എത്തി ജോയിഷ് പ്രദേശവാസികളുമായുണ്ടായ വാക്കു തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ജോയിഷ് ചെങ്ങന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രദേശവാസികള്‍ക്കെതിരെ കേസ് നല്‍കി. വധശ്രമത്തിന് ആറു പേര്‍ക്കെതിരെ കേസ് എടുത്തതായി മാന്നാര്‍ എസ്‌ഐ ശ്രീജിത്ത് അറിയിച്ചു.
എംഎല്‍എയുടെ ഡ്രൈവര്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് സമീപവാസിയെ വീടുകയറി ആക്രമിക്കുകയും തലയ്‌ക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാള്‍ ദിവസങ്ങളോളം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എംഎല്‍എയുടെ സ്വാധീനത്താല്‍ പോലീസ് കേസ് ഒതുക്കി. ഓഫീസില്‍ പോലും ഇയാളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് ആക്ഷേപം.
















