ഇസ്ലാമബാദ്: കറാച്ചിയിൽ വലിയ തോതിലുള്ള ആയുധ ശേഖരം കണ്ടെടുത്തു. കറാച്ചിയിലെ അസീസാബാദിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നുമാണ് ആയുധ ശേഖരം കണ്ടെടുത്തത്. പിടികൂടിയ ആയുധ ശേഖരം നാറ്റോ സംഖ്യത്തിന്റേതാണെന്നാണ് റിപ്പോർട്ടുകൾ.
11 ആന്റി എയർക്രാഫ്റ്റ് ഗൺ, 17 ഗ്രനേഡ് ലോഞ്ചറുകൾ, 39 എൽഎംജി ഗൺ, 9 ആർപിജി ഗൺ, 82 എസ്എംജി ഗൺ, 11 സെവൻ എംഎം, ഒരു എം16, 32 ചൈന റൈഫിളുകൾ, 10-ജി 3ഗണ്ണുകൾ, 5 സ്നൈപർ റൈഫിളുകൾ, 2 റിപ്പീറ്റേഴ്സ്, 9 ഷോർട്ട് എസ്എംജിസ്, 200 ഹാൻഡ് ഗ്രനേഡ്, 2000 റൈഫിൾ ഗ്രനേഡ്സ്, 245 ബുള്ളറ്റ് മാഗ്സിനുകളാണ് അന്വേഷണ സംഘം വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്. ആയുധക്കോപ്പുകൾക്ക് പുറമെ 140 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും വീടിനുള്ളിൽ കണ്ടെത്തി.
പാക്കിസ്ഥാനിൽ സാധാരണയായി കണ്ടുവരാറുള്ള ആയുധങ്ങളല്ല ഇവയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. നാറ്റോയുടെ സൈന്യമോ മറ്റ് പ്രത്യേക വിഭാഗത്തിൽപ്പെട്ട പാക്കിസ്ഥാൻ കമാൻഡോകളുമാണ് ഇത്തരത്തിലുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കറാച്ചിയിലെ ചരിത്രത്തിലാധ്യമായിട്ടാണ് ഇത്രയും വലിയ ആയുധ ഉപകരണങ്ങൾ കണ്ടെടുക്കുന്നതെന്ന് കറാച്ചി അഡീഷണൽ ഐജി മുസ്താഖ് മാഹേർ വ്യക്തമാക്കി.
ഈ ആയുധങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമെ സത്യാവസ്ഥ പുറത്ത് വരുകയെയുള്ളു. ഇതിനായി ഫോറെൻസിക് തലത്തിൽ പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഐജി കൂട്ടിച്ചേർത്തു. ഒരു പക്ഷേ ഭീകരാവശ്യത്തിനായി ഈ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പാക്ക് ഏജൻസികൾ.
















