റോം: യൂറോപ്പിലേക്കുള്ള മാര്‍ഗമധ്യേ ലിബിയന്‍ തീരത്തിന് സമീപമുള്ള കടലില്‍ ബോട്ടപകടത്തില്‍പ്പെട്ട 32 അഭയാര്‍ത്ഥികള്‍ മരിച്ചു. മരംകൊണ്ടുണ്ടാക്കിയ ബോട്ടില്‍ ആളുകളെ കുത്തിനിറച്ചാണ് കൊണ്ടുപോയത്. ഇതിനെത്തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ഇറ്റാലിയന്‍ തീരദേശ സേന പറഞ്ഞു.
ലിബിയന്‍ തീരത്തുനിന്ന് 30 മൈല്‍ അകലെ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഇറ്റാലിയന്‍ തീരസേനയുടെ പത്തുകപ്പലുകള്‍ പങ്കെടുത്തു. വിവിധ തലങ്ങളിലായി ഏതാണ്ട് 4655 പേരെ തീരദേശസേന രക്ഷപ്പെടുത്തി. ലിബിയയില്‍നിന്ന് ഇറ്റലിയിലെ ലാംപെഡൂസയിലേക്കു 40 ബോട്ടുകളില്‍ കുത്തിനിറച്ചുകൊണ്ടുപോയവരെയാണു നാവികര്‍ രക്ഷിച്ചത്.
ലാംപെഡൂസയ്‌ക്കു സമീപം അഭയാര്‍ഥി ബോട്ടുമുങ്ങി 399 പേര്‍ മരിച്ചതിന്റെ മൂന്നാം വാര്‍ഷികമായിരുന്നു തിങ്കളാഴ്ച. റബ്ബര്‍ കൊണ്ടുണ്ടാക്കിയ ചെറുതോണിയില്‍ പോയ ആഫ്രിക്കക്കാരായ 6000 പേരെ രക്ഷപ്പെടുത്തിയിരുന്നു. പുതിയ ജീവിതം തേടി യുറോപ്പിലേയ്‌ക്ക് പോയ 132,000 പേരെ ഈ വര്‍ഷം രക്ഷപ്പെടുത്തിയിരുന്നു.
















