കൊച്ചി: കളക്ടറേറ്റിലെ നാലാം നിലയിലെ ലേബര്‍ ഓഫീസിനു മുന്നില്‍ യൂണിയന്‍ നേതാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ലേബര്‍ ഓഫീസര്‍ തൊഴിലുടമയുടെ നീതി നിഷേധത്തിന് അനുകൂല നിലാപാട് സ്വീകരിക്കുന്നു വെന്നാരോപിച്ചാണ് ആത്മഹത്യാശ്രമം. കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി ശശികുമാറാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ബാഗില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ശരീരമാസകലം ഒഴിക്കുകയും, തീ കൊളുത്തി താഴെക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എറണാകുളത്തെ സ്വകാര്യ സെക്യൂരിറ്റി ഗ്രൂപ്പില്‍ ജീവനക്കാരനായി ജോലി ചെയ്യുന്ന ഇദ്ദേഹത്തെയും, സുഹൃത്തായ വിനോദിനേയും സര്‍ക്കാര്‍ അംഗീകരിച്ച വേതനം നല്‍കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.
സ്വകാര്യ കമ്പനികളില്‍ നിന്നും സെക്യൂരിറ്റി ഗ്രൂപ്പുകള്‍ വന്‍തുക ശമ്പള ഇനത്തില്‍ വാങ്ങുകയും, തൊഴിലാളികള്‍ക്ക് തുച്ഛമായ വേതനം നല്‍കുകയുമാണ് ചെയ്യുന്നത്. അകാരണമായി ജോലിയില്‍ നിന്നും സസ്‌പെന്റു ചെയ്ത നടപടി പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടും ലേബര്‍ ഓഫീസില്‍ കയറിയിറങ്ങിയിട്ട് പരിഹാരമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ശശികുമാര്‍ ഇന്നലെ ഉച്ചയ്‌ക്ക് ലേബര്‍ ഓഫീസിനുമുന്നില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തൃക്കാക്കര എസ്‌ഐ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘവും ഫയര്‍ഫോഴ്‌സും സ്ഥലത്ത് ക്യാമ്പ് ചെയ്തു എഡിഎമ്മുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ശശികുമാറിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഉറപ്പു നല്‍കി അനുനയിപ്പിക്കുകയും ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തു.
















