വളപട്ടണം: വളപട്ടണം പാലത്തിന് സമീപം ജനജീവിതത്തിന് ഭീഷണിയായി വീടുകള്‍ക്ക് മുകളിലേക്ക് വളര്‍ന്ന മരങ്ങള്‍ ദേശീയപാത അധികൃതര്‍ മുറിച്ചുമാറ്റി. അപകട സാധ്യതയുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടുവരികയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് മരങ്ങള്‍ മുറിക്കുന്നതിന് നാട്ടുകാര്‍ നടത്തിയ ശ്രമങ്ങള്‍ സാങ്കേതികതയുടെ പേര് പറഞ്ഞ് അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. വലിയ ദുരന്തത്തിന് കാരണമായേക്കാവുന്ന വിഷയമായിരുന്നിട്ടും അന്നത്തെ ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര താല്പര്യമെടുത്തില്ലെന്ന ആക്ഷേപമുണ്ട്.
മെമ്പര്‍ എ.ടി.സമീറയുടെ നേതൃത്വത്തില്‍ മുഴുവന്‍ നാട്ടുകാരുടെയും ഒപ്പ് ശേഖരിച്ചുള്ള നിവേദനം കലക്ടര്‍ക്ക് നല്‍യിരുന്നു. മുറിക്കേണ്ട മരങ്ങളും ശിഖരങ്ങളും രേഖപ്പെടുത്തിയുള്ള വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് എത്തിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നതിന് കലക്ടര്‍ ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവ് ദേശീയപാത അസി. എഞ്ചിനീയര്‍ക്ക് എത്തിക്കാതെ കാലതാമസം ഉണ്ടാക്കിയപ്പോള്‍ നാട്ടുകാര്‍ ശക്തമായി ഇടപെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ മരം മുറിക്കാന്‍ തയ്യാറായത്.
















