കണ്ണൂര്‍: താഴെ ചൊവ്വയില്‍ സിറ്റി ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യം അനുവദിക്കാത്തത് യാത്രക്കാര്‍ക്കും ബസ് തൊഴിലാളികള്‍ക്കും ദുരിതമാകുന്നു. നിലവില്‍ താഴെചൊവ്വ റെയില്‍വേ ഗേറ്റ് പരിസരം, കൂത്തുപറമ്പ് റോഡിന്റെ ഇടതുവശം ടെമ്പോ വാനുകള്‍ക്കും വലതുവശം ടാക്‌സി സ്റ്റാന്റിനും റെയില്‍വേ ഗേറ്റ് പരിസരത്ത് ബസ്സുകള്‍ക്കും പാര്‍ക്കിങ്ങ് സൗകര്യം അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം താഴെചൊവ്വയിലുണ്ടായ ബസ്സപകടത്തെ തുടര്‍ന്ന് കണ്ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത സംഘടനാ പ്രതിനിധികളുടെ യോഗത്തിന്റെ അടിസ്ഥാനത്തില്‍ താഴെചൊവ്വയില്‍ ട്രാഫിക് ക്രമീകരണങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബസ്സുകളുടെ പാര്‍ക്കിങ്ങ് സൗകര്യം ഇല്ലാതാവുകയായിരുന്നു. സിറ്റി ഭാഗത്തു നിന്നും 12 ബസ്സുകള്‍ നിത്യേന നൂറോളം ട്രിപ്പുകള്‍ നടത്തുന്നുണ്ട്. പോലീസിന്റെ നടപടി മൂലം ഇപ്പോള്‍ ബസ്സുകള്‍ക്ക് തിരിച്ചുവരുന്നതിനോ ഒതുക്കി നിര്‍ത്തുന്നതിനോ കഴിയാത്ത അവസ്ഥയാണുള്ളത്. ചൊവ്വയില്‍ നിന്നും സിറ്റി ഭാഗത്തേക്ക് പോകേണ്ട നൂറുകണക്കിന് യാത്രക്കാരും വിദ്യാര്‍ത്ഥികളും ഇതുമൂലം ഏറെ ദുരിതമനുഭവിക്കുകയാണ്. അധികൃതരുടെ ഈ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ സിറ്റി ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ സ്പിന്നിങ്ങ് മില്‍ സ്റ്റോപ്പില്‍ സര്‍വ്വീസ് അവസാനിപ്പിക്കേണ്ടി വരുമെന്ന് ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച് കലക്ടര്‍, മേയര്‍, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സംഘടന നിവേദനം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ പി.കെ.പവിത്രന്‍ അധ്യക്ഷത വഹിച്ചു. പി.അജിത്ത്, എസ്.അഷറഫ്, കെ.സി.സോമനാഥന്‍, സി.മോഹനന്‍, കെ.കെ.വിനോദ് കുമാര്‍, വി.വിജയേന്ദ്രന്‍, ടി.കെ.വിജേഷ്, എം.കെ.അസീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















