കളമശേരി: അപൂര്‍വ്വ രോഗത്തിന്റെ പിടിയിലമര്‍ന്ന ഏക മകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്റ് സ്ഥലം ഭൂമാഫിയ തട്ടിയെടുത്തു. കളമശേരി പള്ളിലാംകര പുതുവന വീട്ടില്‍ ലൈബിന്റെ മകള്‍ക്ക് നല്‍കിയ ഭൂമിയാണ് തട്ടിയെടുത്തത്.
2014 ല്‍ സുതാര്യകേരളത്തിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച കാക്കനാട് വില്ലേജ് ബ്ലോക്ക് നമ്പര്‍ 7ല്‍ റീസര്‍വ്വെ 32/ 21 ല്‍ പെട്ട മൂന്ന് സെന്റെ് സ്ഥലമാണ് കൈയ്യേറിയിരിക്കുന്നത്. കാക്കനാട് പള്ളിക്കര റോഡില്‍ നവോദയ ജംഗ്ഷനില്‍ നിന്ന് അല്‍പ്പം ദൂരെയാണ് സ്ഥലം അനുവദിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവര്‍ ആയ ലൈബിന്‍ കെ.വി യുടെ ഏക മകളായ ലെവിതയ്‌ക്ക് ത്വക്ക് കൊഴിഞ്ഞു പോകുന്ന അപൂര്‍വ്വ രോഗമാണ്. ഈ സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സ്ഥലം അനുവദിക്കാന്‍ തീരുമാനമായത്. എന്നാല്‍ മറ്റൊരു സ്ഥലം തരാമെന്ന വാഗ്ദാനവുമായി വില്ലേജ് ജീവനക്കാര്‍ വന്നപ്പോഴാണ് കാക്കനാടിലെ സ്ഥലം പോയി നോക്കാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചത്. നേരില്‍ കണ്ടത് ധൃതി പിടിച്ച് നടക്കുന്ന വീടിന്റെ തറ കെട്ടലാണ്. ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത് സ്മാര്‍ട്ട് സിറ്റിക്ക് ആ സ്ഥലം നല്‍കിയെന്നും ഇനിയൊന്നും നടക്കില്ലെന്നുമാണ്. ഇന്നലെ കളക്ടറേറ്റില്‍ പോയി പരാതി പറഞ്ഞപ്പോഴും അന്വേഷിക്കട്ടെയെന്ന പതിവു മറുപടിയാണ് ലഭിച്ചതെന്ന് ലൈബിന്‍ പറയുന്നു. അതിനിടയില്‍ അതേ സ്ഥലത്ത് രണ്ട് നില വീട് ഉയര്‍ന്നു കഴിഞ്ഞു. നാലു വയസ് പിന്നിട്ട മകള്‍ക്ക് മഞ്ഞപ്രയിലാണ് ചികിത്സ നല്‍കുന്നത്. ലണ്ടനില്‍ ഇതിന് മരുന്നുണ്ട്. ഒരു മാസം 20,000 രൂപ വരെ ചെലവ് വരും. സംസ്ഥാന സര്‍ക്കാര്‍ തനിക്ക് തന്ന വാഗ്ദാനങ്ങള്‍ കണ്ണ് മഞ്ഞളിക്കുന്നതായിരുന്നെന്നും ലൈബിന്‍ വിഷാദം നിറഞ്ഞ കണ്ണു ളോടെ പറയുന്നു. സ്വന്തമായി സ്ഥലം; അതിലൊരു എസി വീട്, സ്വന്തമായി ഓട്ടോറിക്ഷ, അമ്മയ്‌ക്കും മകള്‍ക്കും പെന്‍ഷന്‍ ! എന്നാല്‍ സ്ഥലത്തോടൊപ്പം വാഗ്ദാനങ്ങളും അങ്ങിനെ ഒഴുകി പോയിരിക്കുകയാണെന്ന് ലൈബിന്‍ പറയുന്നു.
















