മരട്: ചാത്തമ്മ ദ്വീപിനടുത്ത് കൈതപ്പുഴ കായലില്‍ മത്സ്യത്തൊഴിലാളികളുടെ വള്ളം മുങ്ങി. തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞദിവസം വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ചെമ്പില്‍ നിന്നും മാത്സ്യബന്ധനത്തിന് വന്ന ചെമ്പ് കൊട്ടപ്പള്ളില്‍ രാമചന്ദ്രന്‍ (57), രാമചന്ദ്രന്റെ മകന്‍ വിനീഷ്( 32), ബന്ധുവായ സനല്‍ (47) എന്നീ മൂന്നുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. വെള്ളത്തില്‍ വീണ തൊഴിലാളികള്‍ വലയിലുടക്കിയെങ്കിലും പുഴയിലുണ്ടായിരുന്ന ഊന്നിക്കുറ്റികളില്‍ പിടിച്ച് കിടക്കുകയായിരുന്നു. ചാത്തമ്മയില്‍നിന്നും നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പനങ്ങാട് എസ്‌ഐ പ്രജീഷ്ശശി, എഎസ്‌ഐ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെയും പ്രദേശത്തെ സെയിലിംഗ് ക്ലബ്ബിന്റെയും സഹായത്തോടെ അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചു.
















