ആലപ്പുഴ: കളകള്‍, മുഞ്ഞബാധ എന്നിവ മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നാളെ രാവിലെ 10ന് വരിനെല്ലിന്റെ കറ്റകളും കയ്യിലേന്തി കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
ഫസല്‍ ഭീമാ യോജന പ്രകാരമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജില്ല ഒഴിവാക്കപ്പെട്ടതിനു കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ്. അതിനാല്‍ രണ്ടാം കൃഷിയില്‍ നാശം സംഭവിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഈ സാഹചര്യത്തില്‍ നശിക്കുന്ന നെല്ലിന് തുല്യമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കര്‍ഷകരായ ഫ്രാന്‍സിസ് ദേവസ്യ, വിനോദ് പയ്യപ്പള്ളി, ജോഷി പുതുമന, ജയിംസ് കല്ലുപാത്ര എന്നിവര്‍ പങ്കെടുത്തു.
















