യുഎൻ: നിയന്ത്രണരേഖയില്‍ ആക്രമണമുണ്ടായത് നേരിട്ട് കണ്ടില്ലെന്ന യുഎൻ വാദം ഭാരതം തള്ളി. ഇതിനു പുറമെ ഐക്യരാഷ്‌ട്ര സംഘടനയിൽ ഭാരതത്തിനെതിരെ പാക്കിസ്ഥാൻ നടത്തുന്ന നീക്കങ്ങൾക്ക് പിന്തുണ കിട്ടില്ലെന്നും ഭാരതം വ്യക്തമാക്കി.
ആരെങ്കിലും കണ്ടോ ഇല്ലയോ എന്നതുകൊണ്ട് മാത്രം സത്യം ഇല്ലാതാകില്ലെന്ന് യു.എന്നിലെ ഭാരതത്തിന്റെ പ്രതിനിധി സെയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു. യു.എന്നിന്‍െറ ഭാരത്-പാക് സൈനിക സംഘം ഭാരതത്തിന്റെ മിന്നലാക്രമണം നേരില്‍ കണ്ടില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറലിന്‍െറ വക്താവ് സ്റ്റെഫാന്‍ ദുജാറിക് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അതേസമയം ആര് നിഷേധിച്ചാലും സത്യം സത്യം തന്നെയാണെന്ന് അക്ബറുദ്ദീന്‍ വ്യക്തമാക്കി. ഭാരതത്തിന്റെ ആക്രമണത്തെതുടര്‍ന്ന് യു.എന്നില്‍ പാക്കിസ്ഥാൻ വിഷയം ഉന്നയിച്ചെങ്കിലും അവര്‍ക്ക് ഏതെങ്കിലും ലോകരാജ്യങ്ങളുടെ പിന്തുണ കിട്ടിയോ എന്ന് അദ്ദേഹം ചോദിച്ചു.
ഏതെങ്കിലും രാജ്യം അവരെ പിന്തുണച്ച് രംഗത്തുവന്നിട്ടില്ല. ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടന്നതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















