ആലുവ: ഗാന്ധിയന്‍ ദര്‍ശനങ്ങളിലേക്ക് മടങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ദിലീപ് കുമാര്‍ പറഞ്ഞു. അഹിംസാ സിദ്ധാന്തത്തിന്റെ പ്രചാരകരും പ്രായോക്താക്കളുമായി യുവജനങ്ങള്‍ മാറണമെന്നും യുദ്ധമല്ല സമാധാനമാണ് മനുഷ്യരാശിക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ യുവജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ വൈഎംസിഎ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
വൈഎംസിഎ കേരള റീജിയന്‍ സംഘടിപ്പിച്ച ഗാന്ധിദര്‍ശന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജിയണല്‍ വൈസ് ചെയര്‍മാന്‍ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയന്‍ ജീവിത ശൈലിയിലേക്ക് ഒരു തിരിച്ചു പോക്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ ശ്രീമന്‍ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. സെമിനാറില്‍ എറണാകുളം സബ് റീജിയന്‍ ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജ്ജ് പള്ളിക്കര ആമുഖസന്ദേശം നല്‍കി.
















