കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും ആഭിമുഖ്യത്തിലുള്ള ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് വേങ്ങാട് ഊര്‍പ്പള്ളി കല്ലിക്കുന്ന് മഠത്തില്‍ കുളവും, കീഴത്തൂര്‍ പഞ്ചായത്ത് കുളവും ശുചീകരിക്കും.
രാവിലെ 10 മണിക്ക് കല്കടറേറ്റും പരിസരവും മാലിന്യമുക്തമാക്കി ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹായത്തോടെയാണ് കലക്ടറേറ്റ് ശുചീകരണം നടത്തുന്നത്. വേങ്ങാട് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നടത്തുന്ന കുളം ശുചീകരണ പ്രവര്‍ത്തനം ഉച്ചക്ക് 2 മണിക്ക് ആരംഭിക്കും.
വേങ്ങാട് ജിഎച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റും, 31 എ കേരള ബറ്റാലിയന്‍ കണ്ണൂര്‍ എന്‍.സി.സി കേഡറ്റുമാരും നാട്ടുകാരും സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. തുടര്‍ന്ന് വൈകിട്ട് 4.30 മണിക്ക് ഊര്‍പ്പള്ളി കുളം പരിസരത്ത് സാംസ്‌കാരിക സദസ്സും കലാപരിപാടികളും നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി, ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ മൂസ എരഞ്ഞോളി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.അനിത തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി 4.30 ന് മൊടപ്പത്തി നാരായണന്‍ അവതരിപ്പിക്കുന്ന മഴക്കൊയ്‌ത്ത് – ഏകപാത്ര നാടകം, ഗാന വിരുന്ന് എന്നിവ അരങ്ങേറും.
ക്ലീന്‍ കലക്ടറേറ്റ് പദ്ധതിയുടെ ആദ്യപടിയായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍, കെട്ടിടാവശിഷ്ടങ്ങള്‍, ഉപയോഗശൂന്യമായ വാഹനങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യും. ഭാവിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ ശുചിത്വമിഷനെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ വെവ്വേറെ ശേഖരിക്കുന്നതിനായി പ്രത്യേകം ബക്കറ്റുകള്‍ സ്ഥാപിക്കും. എല്ലാ ദിവസവും ഓഫീസുകളിലെ മാലിന്യം ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
കലക്ടറേറ്റിലെ ചോര്‍ന്നൊലിക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമായി കെട്ടിടങ്ങള്‍ നവീകരിക്കുകയും വൃത്തിഹീനമായിക്കിടക്കുന്ന ടോയ്‌ലെറ്റുകള്‍ ഉടന്‍ നവീകരിക്കുകയും ചെയ്യും. ക്ലീന്‍ കലക്ടറേറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ഇന്നലെ വകുപ്പുമേധാവികളുടെ യോഗം ചേര്‍ന്നു.
വിദ്യാഭ്യാസ, ആരോഗ്യ, എക്‌സൈസ്, തദ്ദേശ സ്ഥാപന വകുപ്പുകള്‍, ശുചിത്വ മിഷന്‍ എന്നിവയുമായി ചേര്‍ന്നാണ് ഗാന്ധിജയന്തി വാരഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.
















