കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിടുന്ന ബൈക്കുകളില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കുന്നതായി ആരോപണം. ദിനംപ്രതി നൂറുകണക്കിന് ബൈക്കുകളാണ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിടുന്നത്. ചില ബൈക്കുകള്‍ രാവിലെ നിര്‍ത്തിയിട്ടാല്‍ രാത്രി വൈകിയാണ് യാത്രക്കാരെത്തി തിരിച്ചെടുക്കുന്നത്. ഇത്തരം ബൈക്കുകളില്‍ നിന്നാണ് പ്രധാനമായും പെട്രോള്‍ മോഷണം നടക്കുന്നത്. പകല്‍ സമയത്തല്ല മോഷണം നടക്കുന്നതെന്നാണ് ഉടമസ്ഥര്‍ പറയുന്നത്. ബൈക്കില്‍ ആവശ്യത്തിന് പെട്രോളടിച്ച നിറച്ച യാത്രക്കാര്‍ ഇന്ധനം തീര്‍ന്ന് വഴിയിലായതോടെയാണ് പെട്രോള്‍ മോഷണം ബൈക്ക് ഉടമസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബൈക്കിന്റെ ഇന്ധനക്ഷമത കുറഞ്ഞതാണെന്ന് കരുതി മെക്കാനിക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇത്തരം സാങ്കേതിക പ്രശ്‌നങ്ങളില്ലെന്നായിരുന്നു മെക്കാനിക്കിന്റെ വിശദീകരണം. എല്ലാ ദിവസങ്ങളിലും പെട്രോള്‍ മോഷണമില്ലെന്നും ബൈക്ക് ഉടമസ്ഥര്‍ പറയുന്നു. ജില്ലക്കകത്തും പുറത്തും ജോലി ചെയ്യുന്ന നിരവധി പേരാണ് ട്രെയിനില്‍ സീസണ്‍ ടിക്കറ്റെടുത്ത് സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നത്. ഇത്തരം യാത്രക്കാരെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവര്‍ക്ക് മാത്രമേ ചില ബൈക്കുകള്‍ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്താന്‍ സാധിക്കുകയുള്ളു.
















