കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട്, വയനാട് മേഖലയില്‍ സമഗ്ര വികസനത്തിന് ആക്കം കൂട്ടാന്‍ കഴിയുന്ന അഴീക്കല്‍ പോര്‍ട്ടിന്റെ പ്രവര്‍ത്തി ത്വരിതപ്പെടുത്തണമെന്ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ആറുപത്തിഒന്നാമത് വാര്‍ഷിക പൊതുയോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തീരദേശ ജലഗതാഗതത്തില്‍ അഴീക്കല്‍ പോര്‍ട്ടിനെ ഉയര്‍ത്തുകയും ലക്ഷദ്വീപുമായുള്ള വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സാഹചര്യം ഒരുങ്ങുന്ന സാഹചര്യത്തില്‍ അഴീക്കല്‍ തുറുമുഖ പ്രവര്‍ത്തി എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ സത്വര ശ്രദ്ധ വിഷയത്തില്‍ ഉണ്ടാകണമെന്നും ചേമ്പര്‍ ഒരു പ്രമേയത്തിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
കാസര്‍കോട് ജില്ലയിലെ റെയില്‍വേ യാത്രക്കാരുടെ ബാഹുല്യം കണക്കാക്കി രാജധാനി എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ചേമ്പര്‍ ആവശ്യപ്പെട്ടു. കൂടാതെ കാസര്‍കോടിന്റെ സമഗ്ര പുരോഗതിയും ടൂറിസം രംഗത്തെ വളര്‍ച്ചയും മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുഭാവപൂര്‍വ്വമായ നടപടികള്‍ ഉണ്ടാവണമെന്നും ചേമ്പര്‍ ആവശ്യപ്പെട്ടു.
വയനാട് ജില്ലയിലെ ടൂറിസം വികസനത്തിന് ആക്കം കൂട്ടുകയും അതുവഴി അനുബന്ധ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ചേമ്പര്‍ ആവശ്യപ്പെട്ടു. വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡണ്ട് സുശീല്‍ ആറോണ്‍ അധ്യക്ഷത വഹിച്ചു.
















