ഡാവോ: ജർമനിയിൽ ജൂതന്മാരെ ഹിറ്റ്‌ലറുടെ നാസി പടയാളികൾ കൊന്നൊടുക്കിയതു പോലെ രാജ്യത്തെ മയക്കുമരുന്ന് സംഘങ്ങളെ വകവരുത്തുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ടുറ്റേർറ്റേ. ജർമനിയിൽ ഹിറ്റ്‌ലർ 30 ലക്ഷം ജൂതന്മാരെ കൊന്നൊടുക്കി, അതേ സംഖ്യയിൽ തന്നെ രാജ്യത്ത് മയക്ക് മരുന്ന് മേഖലയിൽ പ്രവർത്തിക്കുന്നവരുണ്ട്. അവരെ സന്തോഷത്തോടെ കൊന്നൊടുക്കാൻ തയ്യാറാണെന്നും ടുറ്റേർറ്റേ പറഞ്ഞു.
കഴിഞ്ഞ ജൂൺ മുതലാണ് ടുറ്റേർറ്റേ മയക്ക് മരുന്ന് മാഫിയകൾക്കെതിരെ സൈനിക നടപടി സ്വീകരിച്ച് തുടങ്ങിയത്. ഇതുവരെ മൂവായിരത്തോളം പേരെ വധിച്ചതായിട്ടാണ് സർക്കാർ പുറത്ത് വിടുന്ന റിപ്പോർട്ടുകൾ. പോലീസ് കൊല്ലുന്ന മയക്ക് മരുന്ന് കണ്ണികളിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന രീതിയാണ് പോലീസ് സ്വീകരിക്കുന്നത്.
രാജ്യത്തെ ഒരു ലക്ഷത്തോളം വരുന്ന ക്രിമിനലുകളെ നടപടികളുടെ ആദ്യ പടിയായി കൊല്ലുമെന്നാണ് പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അടുത്ത തലമുറയ്‌ക്ക് സന്തോഷകരമായി ജീവിക്കാൻ വേണ്ടിയാണ് ഇപ്പോഴുള്ള എല്ലാ ക്രിമിനലുകളെയും വധിക്കുന്നതെന്നാണ് പ്രസിഡന്റ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ മെയ് 9ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 71കാരനായ റോഡ്രിഗോ വൻ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്. ആറ് മാസങ്ങൾക്കുള്ളിൽ അഴിമതി, ക്രിമിനൽ കുറ്റങ്ങൾ എന്നിവയെല്ലാം ഫിലിപ്പീൻസ് മണ്ണിൽ നിന്നും തുടച്ചു നീക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നു.
















