കല്‍പ്പറ്റ : ജില്ലയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിരോധനം ഒക്ടോബര്‍ രണ്ട് മുതല്‍ പ്രബല്യത്തില്‍ വരും. പൊതുജനങ്ങളും വ്യാപാരികളും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് നിരോധനത്തോട് സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി അഭ്യര്‍ത്ഥിച്ചു. വയനാടിന്റെ മനോഹാരിത സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് നിരോധനം.
എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കും പ്ലാസ്റ്റിക് തെര്‍മോകോള്‍ എന്നിവകൊണ്ടുള്ള ഡിസ്പോസിബ്ള്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണ്. പോളിഎഥിലിന്‍, വിനയല്‍, പോളിപ്രൊവിലിന്, പോളിഫിനൈലിന് ഓക്സൈഡ്, പോളികാര്‍ബണേറ്റ്, ടെറഫ് തലേറ്റ് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉല്‍പ്പന്നങ്ങളും പ്ലാസ്റ്റിക് എന്ന ഗണത്തില്‍ ഉള്‍പ്പെടും. സാധനങ്ങള്‍ കൊണ്ടുപോവുന്നതിന് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
2016 ജൂലൈ 30ന് ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലയെ പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കി മാറ്റണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. 1973ലെ ക്രിമിനല്‍ നടപടിക്രമം സെക്ഷന്‍ 133 അനുസരിച്ചാണ് നിരോധനം. ജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ഉല്‍പ്പന്നങ്ങളും കച്ചവടം, സൂക്ഷിപ്പ് എന്നിവ നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ക്ക് അധികാരം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: