ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സസ്‌പെന്‍ഷനിലായ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസര്‍ പ്രദീപ് ശര്‍മ്മയുടെ 94.67 ലക്ഷത്തിന്റെ വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. ഇതുവരെ സ്വത്തുജപ്തി 1.22 കോടിയുടെതായി.
സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ജൂലൈ 29നാണ് ശര്‍മ്മയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ ആക്ടനുസരിച്ച് 2012ലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കച്ച് കളക്ടറായിരുന്ന സമയത്ത് ഇയാളുടെ ഭാര്യക്ക് പങ്കാളിത്തമുള്ള ടെക്‌സറ്റയില്‍സ് കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതില്‍ 1.2 കോടിയുടെ നഷ്ടമുണ്ടായത് സംബന്ധിച്ച് ഇയാള്‍ക്കെതിരെ കേസുണ്ട്. 2003-04 കാലഘട്ടത്തില്‍ കളക്ടറായിരുന്ന സമയത്ത് ഭുജില്‍ ഭൂകമ്പ ദുരിതബാധിതര്‍ക്ക് ഭൂമി വിതരണം ചെയ്തതില്‍ അഴിമതി നടന്നതിനെത്തുടര്‍ന്ന് 2010ല്‍ ഇയാളെ അറസ്റ്റ്‌ചെയ്തിരുന്നു.
















