ന്യൂദല്‍ഹി: കൂടുതല്‍ കൃത്യതയുള്ള പുതതലമുറ തോക്കുകള്‍ സ്വന്തമാക്കാന്‍ ഭാരത കരസേന. 1.85 ലക്ഷത്തോളം മാരക പ്രഹരശേഷിയുള്ള തോക്കുകളാണ് കരസേനയക്ക് വേണ്ടത്. ഇതില്‍ 65,000 തോക്കുകള്‍ വിദേശത്തു നിന്ന് വാങ്ങും. 1.2 ലക്ഷം തോക്കുകള്‍ രാജ്യത്ത് നിര്‍മിക്കാനുമാണ് പദ്ധതി. 6648 കോടി രൂപയുടെ ആയുധ ഇടപാടിനാണ് പ്രതിരോധ വകുപ്പ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
സൈന്യം ഇപ്പോള്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ സ്‌മോള്‍ ആംസ് സിസ്റ്റം (ഐഎന്‍എസ്എഎസ്) വിഭാഗത്തില്‍പ്പെട്ട തോക്കുകളാണ്. ഇവയ്‌ക്ക് നിരവധി പോരായ്‌മകളുണ്ടെന്ന് സൈന്യം പറയുന്നു. പകരമായി ആധുനിക സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച, കുറഞ്ഞ ഭാരവും 500 മീറ്ററിലേറെ ദൂരം പ്രഹരശേഷിയുള്ളതുമായ തോക്കുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി വാങ്ങുന്നവയ്‌ക്ക് 25 മുതല്‍ 30 വര്‍ഷം വരെ ആയുസ് ഉണ്ടായിരിക്കണമെന്നും സൈന്യം നിര്‍ദേശിക്കുന്നു.
പുതിയ തോക്കുകള്‍ക്ക് 2017 ല്‍ ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് പ്രതിരോധ വകുപ്പ് തീരുമാനം. പ്രവര്‍ത്തന മികവ് തെളിയിച്ച അന്താരാഷ്‌ട്ര കമ്പനികളെയാകും ഇതില്‍ ഉള്‍പ്പെടുത്തുക. ഭീകരപ്രവര്‍ത്തനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, എകെ 47 തോക്കുകളാണ് സൈന്യം കൂടുതലായി ഉപയോഗിക്കുന്നത്. ഇതിനെക്കാള്‍ ഭാരം കുറഞ്ഞ, പ്രഹരശേഷി കൂടുതലുള്ള തോക്കുകള്‍ എന്നതാണ് ആശയം.
പുതിയ തോക്കുകള്‍ സൈന്യത്തിന്റെ ഭാഗമായിക്കഴിഞ്ഞാല്‍ ഇവയില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഗ്രനേഡ് ലോഞ്ചറുകളും ലേസര്‍ പോയിന്ററുകളും വാങ്ങാനും സൈന്യം ഉദേശിക്കുന്നുണ്ട്. രാജ്യത്തിനു നേരേ ശത്രുക്കളുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ആയുധശേഷി വര്‍ധിപ്പിക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം.
















