മിയാമി: ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തില്‍ ജലമുണ്ടെന്ന വാദം കൂടുതല്‍ ശക്തമാകുന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ നീരാവി പടലം കണ്ടെത്തിയതായി നാസ. നാസയുടെ ഹബിള്‍ ബഹിരാകാശ ദൂരദര്‍ശനിയിലൂടെയാണ് ജലബാഷ്പ കണങ്ങള്‍ കണ്ടെത്തിയത്.
മനുഷ്യവാസത്തിന് ഏറ്റവും അനുയോജ്യമായ ഇടം യൂറോപ്പയാണെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പയില്‍ കണ്ടെത്തിയ ജലബാഷ്പങ്ങള്‍ യഥാര്‍ത്ഥമാണെങ്കില്‍ യൂറോപ്പയുടെ ഹിമാവൃതമായ ഉപരിതലത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാനും വഴി തെളിഞ്ഞിട്ടുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു.
നീരാവി കണങ്ങള്‍ 200 കിലോമീറ്ററോളം ഉയര്‍ന്ന ശേഷം തിരികെ യൂറോപ്പയുടെ ഉപരിതലത്തിലേക്ക് പെയ്തിറങ്ങുമെന്നാണ് കരുതുന്നത്. ഭൂമിയിലെ സമുദ്രത്തിലുളളതിന്റെ ഇരട്ടി വെളളം യൂറോപ്പയിലെ സമുദ്രത്തിലുണ്ട്. എന്നാല്‍ ഇത് കനമേറിയ ഹിമപാളികള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. നീരാവി ശേഖരിക്കാന്‍ കഴിഞ്ഞാല്‍ ഹിമാവരണത്തിന് താഴെയുളള വെളളത്തെക്കുറിച്ച് പഠിക്കാനാകും. 2012ലും ഗവേഷകര്‍ ഹബിള്‍ ദൂരദര്‍ശനിയിലൂടെ യൂറോപ്പയില്‍ നീരാവി ഉയരുന്നതായി കണ്ടിരുന്നു.
യൂറോപ്പയിലെ ആവാസവ്യവസ്ഥയെക്കുറിച്ച് പഠിക്കാന്‍ 2020 ഓടെ റോബോട്ടിക് ബഹിരാകാശ വാഹനങ്ങളയക്കുമെന്ന് നാസ നേരത്തെ അറിയിച്ചിട്ടുണ്ട്. വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമെഡിലും കഴിഞ്ഞ വര്‍ഷം ഗവേഷകര്‍ വെളളം കണ്ടെത്തി.
















