കണ്ണൂര്‍: ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലേയും മുനിസിപ്പാലിറ്റികളിലെയും ഭൂമിയെ അതിന്റെ നിയമപരിധിയില്‍ നിന്നും ഒഴിവാക്കുന്നതിന് നിയമഭേദഗതികള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഡാറ്റാബാങ്ക് പീഡിതര്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കുമെന്ന് കൂട്ടായ്‌മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട പലരുടെയും സ്ഥലങ്ങള്‍ കൃഷിയോഗ്യമല്ലാത്തതാണ്. ഇവിടെ കൃഷിയിറക്കിയാല്‍ വന്‍നഷ്ടമുണ്ടാകുമെന്നതും ഉറപ്പാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഭൂമി വില്‍ക്കുകയല്ലാതെ ഉടമസ്ഥര്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ല.
എന്നാല്‍ ഇത്തരമൊരു ഭൂമിയില്‍ വ്യവസായങ്ങള്‍ അരംഭിക്കുവാനും വീടുവെക്കുവാനും മറ്റും നിയമതടസ്സമുള്ളതിനാല്‍ ആരും തന്നെ ഡാറ്റാബാങ്കിലുള്‍പ്പെട്ട ഭൂമി വാങ്ങിക്കുവാന്‍ തയ്യാറാകുന്നില്ല. നിലവില്‍ കോര്‍പ്പറേഷനിലെയും മുനിസിപ്പാലിറ്റിയിലെയും ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമികള്‍ നഗരവികസനത്തിന് തടസ്സപ്പെടുന്ന രീതിയില്‍ ഉപയോഗശൂന്യമായി കിടക്കുകയാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ചില നിയമഭേദഗതികള്‍ നടപ്പിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ഡാറ്റാബാങ്കിലുള്‍പ്പെട്ട ഭൂഉടമകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.പ്രമോദ്, പി.വാസുദേവന്‍, പി.കെ.ബിജു എന്നിവര്‍ പങ്കെടുത്തു.
















