കണ്ണൂര്‍: കണ്ണൂരിന്റെ കിഴക്കന്‍ മലയോരത്ത് പ്രകൃതി അണിയിച്ചൊരുക്കിയ വശ്യമനോഹരമായ മലമ്പ്രദേശം, പാലക്കയംതട്ട്. സഞ്ചാരികളുടെ മനം കവരുന്ന ,ഹൃദയ സ്പര്‍ശിയായ ഇവിടം വിനോദ സഞ്ചാരികളുടെ ഒഴുക്ക് അനുദിനം കൂടി വരികയാണ് .ജില്ലാ ആസ്ഥാനമായ കണ്ണൂരില്‍ നിന്നും ഏതാണ്ട് 60 കലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഡിടിപിസി ഏറ്റെടുത്ത് ഒരു കോടി രൂപയുടെ അടിസ്ഥാന സൗകര്യം ഒരുക്കിയതോടെയാണ് ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇതുവരെ പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ഉദ്ഘാടനം അടുത്ത ദിവസം നടത്താനുളള ഒരുക്കത്തിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. നടുവില്‍ പഞ്ചായത്തിലെ 3ാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് പാലക്കയം തട്ട്.റവന്യൂ വകുപ്പിന്റെ കീഴിലുളള സര്‍ക്കാര്‍ ഭൂമിയില്‍ 8 ഏക്കര്‍ പ്രദേശത്താണ് പാലക്കയംതട്ട് ടൂറിസം പദ്ധതി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആരംഭിച്ചത്. പാലക്കയംതട്ട് ടൂറിസം ട്രയാങ്കുലര്‍ സര്‍ക്കിള്‍ എന്ന പേരില്‍ പൈതല്‍മല,കാഞ്ഞിരക്കൊല്ലി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.
പ്രകൃതിദത്തമായ പ്രദേശത്തിന്റെ സൗന്ദര്യം നിലനിര്‍ത്തി വിനോദ സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ പ്രദേശത്ത് ഒരുക്കാനുളള തയ്യാറെടുപ്പിലാണ് ഡിടിപിസി അധികൃതര്‍. ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, കഫ്റ്റീരിയ,ശൗചാലയം,വ്യൂടവര്‍,നടപ്പാത, സോളാര്‍ ലൈറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണം ആദ്യ ഘട്ടമെന്ന നിലയില്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍~പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഇവയുടെ ഉദ്ഘാടനം നടത്താനുളള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പ് അധികൃതര്‍. 35 സോളര്‍ വിളക്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇവയെല്ലാം പരീക്ഷണാടിസ്ഥാനത്തില്‍ പ്രകാശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. രാത്രികാല ങ്ങളില്‍ മല മുഴുവന്‍ സോളറുകളുടെ വെളിച്ച ത്താല്‍ അലംങ്കൃതമാണ്.
2015ല്‍ ഇരിക്കൂര്‍ എംഎല്‍ എ കെ.സി.ജോസഫ് പ്രദേശത്തെ ടൂറിസം സാധ്യതകള്‍ കണ്ടെത്തുകയും പ്രദേശത്തിന്റെ വികസനത്തിനായി ഫണ്ട് അനുവദിക്കുകയുമായിരുന്നു. സമുദ്ര നിരപ്പില്‍ നിന്നും 3500ലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കയംതട്ടില്‍ നിന്നും 40 കിലോമീറ്റര്‍ വരെയുളള ദൂരകാഴ്ചകള്‍ കാണാന്‍ സാധിക്കും. നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളം, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം തുടങ്ങി വിവിധ പ്രദേശങ്ങള്‍ വളരെ വ്യക്തമായി ഇവിടെ നിന്നും കാണാവുന്നതാണ്. അപൂര്‍വ്വ സസ്യങ്ങളായ വട്ടേലം, കണ്ണാന്താളി എന്നിവ പാലക്കയംതട്ടില്‍ കുന്നുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ചെങ്കുത്തായ കുന്നുകളിലൂടെ പ്രദേശത്തേക്കുളള യാത്രതന്നെ സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്നതാണ്.
കണ്ണൂരില്‍ നിന്നും തളിപ്പറമ്പ്, ഒടുവളളി, നടുവില്‍, മണ്ടളം വഴിയും ഒടുവളളി, കരുവഞ്ചാല്‍, ആശാംകവല വഴിയും ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, പയ്യാവൂര്‍, ചെമ്പേരി, കുടിയാന്മല, പുലികുരുമ്പ വഴിയും പാലക്കയംതട്ട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് എത്തിച്ചേരാവുന്നതാണ്. പൈതല്‍മല, കാഞ്ഞിരക്കൊ ല്ലി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് എത്തിച്ചേരാവുന്നതാണ്. പ്രദേശത്ത് വിശ്രമ കേന്ദ്രങ്ങള്‍, അരുവിയില്‍ നിന്നുളള ജലം ഉപയോഗിച്ച് പെഡല്‍ ബോട്ടിംഗിന് ഉതകുന്ന ചെക്ക് ഡാം നിര്‍മ്മാണം, പ്രദേശത്തേക്കുളള റോഡുകളുടെ വികസനം എന്നിവയ്‌ക്കാവശ്യമായ തുക അനുവദിക്കാനായി തരാനായി 5 കോടി രൂപയുടെ എസ്റ്റിമേറ്റ് നിര്‍ദ്ദേശം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാറിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
















