പയ്യന്നൂര്‍: പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയെ റോഡില്‍വെച്ച് അക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിപ്പറിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പുളിങ്ങോം കോഴിച്ചാലിലെ ഉല്ലാസിന്റെ മകളും പയ്യന്നൂര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയുമായ മടത്തില്‍ കോളയാട്ട് സൂര്യയെ (20)ആണ് കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സംഘം അക്രമിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ എടാട്ട് കോളേജ് ഹോസ്റ്റലിലേക്കുള്ള റോഡിലാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥിനി പയ്യന്നൂരിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരുപവന്റെ മാലയും കാല്‍പവന്റെ മോതിരവുമാണ് നഷ്ടപ്പെട്ടത്. പയ്യന്നൂര്‍ പോലീസാണ് കേസെടുത്ത് അന്വേഷിച്ചുവരുന്നത്.
















