ചെറുപുഴ: പയ്യന്നൂര്‍ ചെറുപുഴ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി 30ന് ചെറുപുഴ, പെരിങ്ങോം പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തും. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് സി.കൃഷ്ണന്‍ എംഎല്‍എ അടക്കം നടത്തിയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പതിനേഴര കൊടി രൂപ ചെറുപുഴമുതല്‍ പെരിങ്ങോംവരെയുള്ള ഭാഗം മെക്കാഡം ടാറിംഗ് ചെയ്യുന്നതിനായി അനുവദിച്ചിരുന്നു. ഇതിന്റെ ടെന്‍ഡര്‍ പ്രവര്‍ത്തി പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനാനുമതി നല്‍കാത്തതാണ് പ്രവര്‍ത്തി ആരംഭിക്കുന്നതിന് തടസ്സമായിട്ടുള്ളത്. തകര്‍ന്ന റോഡിലൂടെ കാല്‍നട യാത്രപോലും ദുസ്സഹമായിരിക്കുകയാണ്. റോഡിന്റെ ശോചനീയവസ്ഥക്ക് പരിഹാരം കണ്ടെത്താന്‍ നേരത്തെ സമരം നടത്തിയ എംഎല്‍എ പോലും ഇപ്പോള്‍ താല്‍പര്യം കാട്ടുന്നില്ലെന്നും പരാതിയുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 30ന് രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
















