ന്യൂദല്‍ഹി: ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തെ വിദഗ്ധര്‍ സ്വാഗതം ചെയ്തു. 36 എണ്ണം വാങ്ങാനാണ് കരാറായത്. എന്നാല്‍ വ്യോമസേനക്ക് ഇപ്പോള്‍ വേണ്ടത് ഇത്തരം 200 വിമാനങ്ങളാണ്.
സ്വന്തമായി വിമാനം നിര്‍മ്മിക്കാത്തിടത്തോളം കാലം വ്യോമസേനയിലെ ആവശ്യകത നിറവേറ്റാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഭാരതവും ഫ്രാന്‍സും ഒപ്പുവച്ചത്. 36 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് രണ്ട് സ്‌ക്വാഡ്രണുകള്‍ രൂപീകരിക്കാനേ കഴിയൂ. ഇത് അടിയന്തരസാഹചര്യം നേരിടാന്‍ മാത്രമേ ഉപയുക്തമാകൂയെന്ന് റിട്ട. എയര്‍ വൈസ് മാര്‍ഷണല്‍ അമിത് അനേജ പറഞ്ഞു. ദീര്‍ഘകാലത്തേക്ക് ഇത് മതിയാകില്ല.
വിമാനങ്ങളുടെ കുറവ് മൂലം ഇപ്പോഴുള്ള മാനവവിഭവശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്താനും സാധിക്കില്ല. ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ മിറാഷ് മികച്ചവയായിരുന്നു. മൂന്നു സ്‌ക്വാഡ്രണ്‍ മിറാഷുകളാണ് അന്ന് വാങ്ങിയതെന്ന് മുന്‍ മിറാഷ് പൈലറ്റ് പറഞ്ഞു.
കരാര്‍ പ്രകാരം ഓരോ വിമാനത്തിനും 1630 കോടി രൂപയാണ് ചെലവ് വരുന്നത്.
സ്‌പെയര്‍ പാര്‍ട്‌സുകള്‍, ആയുധങ്ങള്‍, അറ്റകുറ്റപ്പണികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. റാഫേല്‍ മികവുറ്റ പോര്‍വിമാനമാണെന്ന് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് മുന്‍ ഡെപ്യൂട്ടി മേധാവി എയര്‍ മാര്‍ഷല്‍ എം. മാതേശ്വരന്‍. എന്നാല്‍ ചെലവ് കൂടുതലാണ്.
ഓരോ വിമാനത്തിനും ശരാശരി 680 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 36 പോര്‍വിമാനങ്ങളില്‍ 28 എണ്ണം സിംഗിള്‍ സീറ്റാണ്. എട്ടെണ്ണം പരിശീലന വിമാനങ്ങളും.
















