ന്യൂദല്‍ഹി: ഉറി ഭീകരാക്രമണത്തിനു പിന്നാലെ, ഭാരതത്തിനെതിരെ പോരാട്ടം ശക്തമാക്കാന്‍ ലഷ്‌കര്‍- ഇ- തൊയ്ബ വന്‍ തോതില്‍ ധനസമാഹാരണം നടത്തുന്നു. ലഷ്‌കറിന്റെ സന്നദ്ധ സംഘടന ജമാഅത്ത് ഉദ് ദവ വഴിയാണ് പണപ്പിരിവ്. ഇതോടൊപ്പം പാക്ക് ചാരസംഘടന ഐഎസ്‌ഐയുടെ നേതൃത്വത്തിലും ഭാരതത്തിനെതിരെ രഹസ്യനീക്കങ്ങള്‍ ശക്തമാക്കി.
ഇവരുടെ നേതൃത്വത്തില്‍ കൂടുതല്‍ ഭീകരരെ റിക്രൂട്ട് ചെയ്യുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. ബലൂചിസ്ഥാന്‍, ഖൈബര്‍, പാക്ക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലാണ് ലഷ്‌കര്‍ പണപ്പിരിവ് ഊര്‍ജ്ജിതമാക്കിയത്.
ലഷ്‌കറിനെക്കൂടാതെ ജയ്‌ഷെ മുഹമ്മദിനും ധനസമാഹരണം നടത്താന്‍ ഐഎസ്‌ഐ നിര്‍ദേശം നല്‍കി. ഭാരതത്തിന് എതിരായ യുദ്ധത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും ഇവര്‍ ആഹ്വാനം ചെയ്തു. ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ ബലൂചിസ്ഥാന്‍, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലും ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്.
ഭാരതത്തിന് ഒപ്പം നിന്നാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ഭീഷണി. ഈ മേഖലകില്‍ ഭാരതത്തെ പിന്തുണക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് പാക്കിസ്ഥാന് വലിയ തലവേദനയാണ്.
















