‘ഒക്കോട്ടോണാ സിക്കിമാരിയ’. പുതുതായി കണ്ടെത്തിയ ഒരു വാലില്ലാ മുയലിന്റെ ശാസ്ത്ര നാമമാണിത്. ആള്‍ വിദേശിയല്ല. ഇങ്ങ് സിക്കിമില്‍, ഹിമാലയ ശിഖരങ്ങളാണ് താവളം. കാഴ്ചയില്‍ എലിയെപ്പോലെയിരിക്കുന്ന, ഉരുണ്ട ഉടലുള്ള, ചെറിയ കാലുകളുള്ള പികാ മുയലിന്റെ വകഭേദമാണ് പുതിയ മുയല്‍.
ഹിമാലയത്തിലെ ആവാസ വ്യവസ്ഥയില്‍ അഭേദ്യ സ്ഥാനം പികായുടെ പുതിയ ജനുസ്സുകള്‍ക്കുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സിക്കിംകാരിയായ നിഷ്മ ദാഹലാണ് കണ്ടുപിടിത്തത്തിനു പുറകില്‍. മുയലിന്റെ ജനിതക ഡാറ്റയും തലയോട്ടിയുടെ അളവുകളും ആധാരമാക്കി നടത്തിയ പഠനങ്ങളിലാണ് പുതിയ പികായെ തിരിച്ചറിഞ്ഞത്. ‘മോളികുലാര്‍ ഫൈലോജെനറ്റിക് ആന്‍ഡ് ഇവൊല്യൂഷന്‍’ എന്ന ജേണലില്‍ ഇത് പ്രസിദ്ധീകരിച്ചു.
കാണാന്‍ ഏറെ കൗതുമുള്ള മുയലുകളാണ് പികാ. അന്തരീക്ഷ താപം ഒട്ടും താങ്ങാനാവാത്ത ശരീര പ്രകൃതി. മഞ്ഞുമലകളിലാണ് താമസമെങ്കിലും ഇവയ്‌ക്ക് മാസങ്ങള്‍ നീണ്ട ശൈത്യകാലനിദ്രയില്ല. എങ്കിലും തണുപ്പുകാലത്ത് സുഖമായി ഭക്ഷിക്കാനുള്ളത് നേരത്തേ കരുതിയിരിക്കും.
















