ഹൈദരാബാദ്: ഭര്‍ത്താവിനെ കൊന്ന് ജഡം ബൈക്കില്‍ കടത്തിയ യുവതിയും പതിനാറുകാരനായ കാമുകനും പിടിയില്‍. നല്‍ഗോണ്ടയിലെ നല്ലബന്ധഗുഡത്താണ് സംഭവം. പ്രവള്ളികയും (25) അനന്തരവനുമാണ് പിടിയിലായത്.
ഭര്‍ത്താവ് പുല്ലയ്യയെ പ്രവള്ളികയും കാമുകനും ചേര്‍ന്ന് കൊന്ന ശേഷം, അയല്‍വാസിയുടെ ബൈക്കില്‍ ജഡം കടത്തുമ്പോഴാണ് ഇവര്‍ പിടിയിലായത്. പുല്ലയ്യ ഒരു സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവായിരുന്നു. ഭാര്യയും പത്താം ക്ലാസ് വിദ്യാര്‍ഥിയായ തന്റെ അനന്തരവനും തമ്മിലുള്ള അവിഹിത ബന്ധമറിഞ്ഞ ഇയാള്‍ ഇവരെ താക്കീത് ചെയ്തു. കുടുംബസമേതം താമസം മാറ്റാനും തീരുമാനിച്ചു. ഭാര്യയുടെ അവിഹിതത്തില്‍ മനംനൊന്ത ഇയാള്‍ മദ്യപാനവും തുടങ്ങി. കഴിഞ്ഞ ദിവസം മദ്യപിച്ച് ലക്കുകെട്ട് എത്തിയ ഇയാളെ ഇവര്‍ അടിച്ചുകൊന്നു.
മൂന്നു പേര്‍ കയറിയ ബൈക്കില്‍ നടുക്കിരിക്കുന്നയാളുടെ കാലുകള്‍ തറയില്‍ മടങ്ങി ഉരയുന്നതു കണ്ട, പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഇവരെ തടഞ്ഞുനിര്‍ത്തി. അപ്പോഴാണ് നടുക്കിരിക്കുന്നത് ജഡമാണെന്നറിഞ്ഞത്. ഭര്‍ത്താവ് കുടിച്ചു മരിച്ചതാണെന്നാണ് ചോദ്യം ചെയ്തപ്പോള്‍ യുവതി പറഞ്ഞത്.
















