അരൂര്‍: പൊതുഭരണ സെക്രട്ടറി ഉഷാ ടൈറ്റസിന്റെ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. ചന്തിരൂര്‍ ഔവ്വര്‍ ലേഡി ഓഫ് മേഴ്‌സി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാത്ഥിയായ അജയ്ദാസി(11)നാണ് പരിക്കേറ്റത്.
അരൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും അജയ്ദാസനെ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും തിരുവന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അപകടം. സ്‌ക്കൂള്‍ കുട്ടിയെ രക്ഷിക്കുന്നതിന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ യൂ ടേണിലേക്ക് തിരിച്ചുകൊണ്ടിരുന്ന ബൈക്കില്‍ ഇടിക്കുകയും അതിനു ശേഷം നിയ്രന്തണം തെറ്റി കുട്ടിയെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. നിസ്സാര പരിക്കുകളോടെ ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
ദേശീയപാതയില്‍ അരൂര്‍ ആഞ്ഞിലിക്കാട് റോഡിനു സമീപം തിങ്കളാഴ്ച രാവിലെ എട്ടരക്കായിരുന്നു അപകടം. അപകടത്തിനു ശേഷം ഉഷാ ടൈറ്റസ് പോലീസ് ജീപ്പില്‍ ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ചു.
അപകടത്തെതുടര്‍ന്ന് അരൂര്‍ പോലീസ് വളരെ പെട്ടെന്ന് എത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
















