ന്യൂദല്‍ഹി: സൈന്യത്തെ പൂര്‍ണവിശ്വാസമെന്നും ഉറി ഭീകരാക്രമണത്തിലെ കുറ്റവാളികളെ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് പൊതുസമ്മേളനത്തില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചതിനു പിന്നാലെയാണ് മന്‍ കീ ബാത്തിലും പ്രധാനമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. 1965ല്‍ പാക്കിസ്ഥാനുമായുണ്ടായ യുദ്ധവും മോദി പരാമര്‍ശിച്ചു.
ഉറിയിലെ നഷ്ടം രാജ്യത്തിന്റേതാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും. സൈന്യത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സൈന്യത്തില്‍ വിശ്വാസവും അഭിമാനവുമുണ്ട്. എല്ലാ ഗൂഢതന്ത്രങ്ങളെയും സൈന്യം പരാജയപ്പെടുത്തും. പൗരന്മാരും രാഷ്‌ട്രീയനേതാക്കളും സംസാരിക്കും. എന്നാല്‍, സൈന്യം സംസാരിക്കുകയല്ല, പ്രവര്‍ത്തിക്കുകയാണ് ചെയ്യുക. കശ്മീരിലെ ജനങ്ങള്‍ ദേശദ്രോഹികളെ മനസിലാക്കിത്തുടങ്ങി.
ജനരോഷത്തിന് വലിയ വിലയുണ്ട്. അത് രാഷ്‌ട്രചേതനയാണ്.
1965ലെ യുദ്ധസമയത്ത് രാജ്യത്തെ നയിച്ചിരുന്നത് ലാല്‍ ബഹാദുര്‍ ശാസ്ത്രിയായിരുന്നു. അന്ന് നാടെങ്ങും ആവേശത്തിലായിരുന്നു. ദേശസ്‌നേഹത്തിന്റെ വേലിയേറ്റവും എതിരാളികളോട് രോഷവുമുണ്ടായിരുന്നു. എന്തെങ്കിലും നടക്കണമെന്നും എന്തെങ്കിലും ചെയ്യണമെന്നും എല്ലാവരും ആഗ്രഹിച്ചു. ഈ വൈകാരികതലത്തെ സ്പര്‍ശിക്കാന്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി പരിശ്രമിച്ചു. ജയ് ജവാന്‍ – ജയ് കിസാന്‍ എന്ന മന്ത്രം നല്‍കി രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രേരണയായി. ബോംബിന്റെയും തോക്കിന്റെയും ബഹളത്തിനിടയില്‍ ദേശഭക്തി പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ക്ക് മറ്റു വഴികളും ഉണ്ടാകുമെന്ന് അദ്ദേഹം കാട്ടിത്തന്നു.
ഗാന്ധിജിയും സമൂഹശക്തിയെ സൃഷ്ടിപരമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടാന്‍ ഫലപ്രദമായ രീതി അവലംബിച്ചു. സൈന്യവും ഭരണാധികാരികളും അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കട്ടെ. എല്ലാ പൗരന്മാരും ഈ ദേശഭക്തിയുടെ ആവേശത്തോടൊപ്പം എന്തെങ്കിലും സൃഷ്ടിപരമായ പങ്ക് നിര്‍വ്വഹിക്കാമെങ്കില്‍ രാജ്യം തീര്‍ച്ചയായും പുതിയ ഉയരങ്ങള്‍ കീഴടക്കും, മോദി പറഞ്ഞു. പാരാലിമ്പിക്‌സില്‍ മികച്ച മെഡല്‍ നേടിയ പ്രതിഭകളെ അഭിനന്ദിച്ച മോദി, അവരുടെ നിശ്ചയദാര്‍ഢ്യം മാതൃകയാണെന്നും ചൂണ്ടിക്കാട്ടി.
















