ശ്രീനഗര്‍: കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭീകാരക്രമണം ഉണ്ടായ സ്ഥലത്തുനിന്നും ഭീകരരുടെതെന്ന് കരുതുന്ന രണ്ട് ജപ്പാന്‍ നിര്‍മ്മിത വയര്‍ലെസ് ഹാന്‍ഡ്സെറ്റുകള്‍ ലഭിച്ചതായി സൈന്യം വ്യക്തമാക്കി.
വയര്‍ലെസില്‍ പുതിയത് എന്ന് കാണിക്കുന്ന ‘ബില്‍കുല്‍ നയാ’ എന്ന് ഉറുദുവിലും ന്യു എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. എന്നാല്‍ ഇത് പാക്കിസ്ഥാന്റെ സുരക്ഷാ സേനകള്‍ ഉപയോഗിക്കുന്നതാണോ എന്ന് അന്വേഷിച്ച് വരികയാണെന്ന് ഭീകരാക്രമണം അന്വേഷിക്കുന്ന ദേശീയ ഏജന്‍സിയായ എന്‍ഐഎ വ്യക്തമാക്കി.
വയര്‍ലെസിന് പുറമെ രണ്ട് ഭൂപടങ്ങളുമടക്കം 48 തെളിവുകളാണ് എന്‍ഐഎക്ക് ലഭിച്ചത്. ലഭിച്ച ഭൂപടത്തില്‍ ഒരെണ്ണം കത്തി നശിച്ചിരുന്നു. ഇത് സാങ്കേതികവിദഗ്ധര്‍ക്ക് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഉറിയിലെ ഇന്‍ഫന്‍ട്രി റെജിമെന്റ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് ഭീകരര്‍ ഒളിച്ചുകയറി ആക്രമണം നടത്തിയത്. 18 ജവാന്മമാരാണ് സംഭവത്തില്‍ വീരമൃത്യു വരിച്ചത്. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.
















