ചെന്നൈ: മാനസിക വളര്‍ച്ചയില്ലാത്ത രോഗിയായ മകന് ദയാവധം നല്‍കാന്‍ അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ച് 51 വയസുള്ള അമ്മ മണിമേഖല സര്‍ക്കാരിനെ സമീപിച്ചു. കോയമ്പത്തൂര്‍ സുകര്‍വാര്‍ പേട്ട് സ്വദേശിനി മകന്‍ ജെയ് ഗണേഷിന്റെ ദയാവധം അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍ ഹരിഹരനാണ് അപേക്ഷ നല്‍കിയത്.
അയല്‍ക്കാര്‍ക്കടക്കം വലിയ ബുദ്ധിമുട്ടാണ് മകന്‍ ഉണ്ടാക്കുന്നത്. പതിനാലാം വയസില്‍ തുടങ്ങിയ രോഗമാണ്. വസ്ത്രമില്ലാതെ നടക്കുക, കത്തിയെടുത്ത് സ്വയം പരിക്കേല്‍പ്പിക്കുക എന്നിവ ചെയ്യും. കില്‍പ്പോക്ക് മനോരോഗ ചികില്‍സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും അവര്‍ വീട്ടിലേക്ക് മടക്കി അയച്ചു. വിധവയായ തനിക്ക് മൂന്നു മക്കളെ നോക്കണം. രോഗിയായ മകന്‍ കാരണം ജോലിക്കു പോകാനും വഴിയില്ല. അപേക്ഷയില്‍ മണിമേഖല പറയുന്നു.
















