ശ്രീനഗര്‍: ഉറിയില്‍ സൈനിക കേന്ദ്രം ആക്രമിച്ച് 18 സൈനികരെ വധിച്ച പാക് ഭീകരര്‍ തങ്ങിയത് അതിര്‍ത്തിയിലെ ആളൊഴിഞ്ഞ അഭയകേന്ദ്രങ്ങളിലെന്ന് സൂചന. ഇവിടുത്തെ ഗ്രാമങ്ങളില്‍, 2005ലെ ഭൂചലനത്തില്‍ അനവധി പേര്‍ക്ക് വീടു നഷ്ടപ്പെട്ടിരുന്നു. ഇവര്‍ക്കായി അനവധി അഭയ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു.
ജനങ്ങള്‍ വീടുകളിലേക്ക് മാറിയതോടെ ഇത്തരം അഭയകേന്ദ്രങ്ങള്‍ അനാഥമായി. മിക്കയിടങ്ങളിലും അവ കന്നുകാലികള്‍ കൈയടക്കി. ഈ അഭയകേന്ദ്രങ്ങളെല്ലാം യഥാര്‍ത്ഥ നിയന്ത്രണരേഖയ്‌ക്ക് അടുത്താണ്. ഇവയിലൊന്നിലാകും ഭീകരര്‍ കഴിഞ്ഞതെന്നാണ് എന്‍ഐഎക്ക് ലഭിച്ച സൂചന.
ശനിയാഴ്ച വൈകിട്ട് സൈനിക വേഷം ധരിച്ച ചിലരെ കണ്ടതായി, എന്‍ഐഎ ചോദ്യം ചെയ്ത അതിര്‍ത്തി ഗ്രാമത്തിലെ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരെല്ലാം സൈനികരാണെന്നാണ് കരുതിയത്.
















