സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ പൂജകള്‍ മുടങ്ങിയ സംഭവത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്‌കുമാരിനെതിരെ ഭരണസമിതി ചെയര്‍പേഴ്‌സണ്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ക്ഷേത്രദാസനെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അകാരണമായി പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് പൂജകള്‍ മുടങ്ങിയത്. വിഐപി ടിക്കറ്റില്‍ അരവണ നല്‍കിയപ്പോള്‍ ഇഷ്യൂഡ് സീല്‍ മറ്റൊരാളെക്കൊണ്ട് പതിപ്പിച്ചു എന്നാരോപിച്ചാണ് താത്കാലിക ജീവക്കാരനായ പത്മകുമാറിനെ പിരിച്ചുവിട്ടത്. ഇതില്‍ പ്രതിഷേധിച്ച് പതിനഞ്ചോളം വരുന്ന ക്ഷേത്ര ദാസ സംഘം ജോലിക്ക് കയറിയില്ല. പെരിയനമ്പിയെ ക്ഷേത്രത്തിലേക്ക് ആനയിക്കേണ്ട ദാസസംഘം പണിമുടക്കിയതോടെ ക്ഷേത്രം തുറക്കാനായില്ല. അഞ്ച് മണിആയിട്ടും ക്ഷേത്രം തുറക്കാത്തതിനാല്‍ ഭക്തര്‍ ബഹളം കൂട്ടി. 5.30 ഓടെ ക്ഷേത്ര അസിസ്റ്റന്റ് ശ്രീകാര്യം ഗിരീഷ് കുമാര്‍ പോയാണ് നമ്പിയെ ക്ഷേത്രത്തിലേക്ക് എത്തിച്ചത്.
പത്മകുമറിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ഇന്നലെയും താത്കാലി ജീവനക്കാരായ അഞ്ച് ദാസന്‍മാര്‍ ജോലിയില്‍ പ്രവേശിച്ചില്ല. ഇവരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ തീരുമാനിച്ചതായാണ് വിവരം. കൂടാതെ മൂന്ന് നടകളില്‍ കാവല്‍ നിന്നിരുന്ന ദാസമാരെ മാറ്റി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ എക്‌സിക്യുട്ടീവ് ഓഫീസറുടെ തീരുമാനങ്ങള്‍ ഭരണ സമിതിയുടയോ ചെയര്‍പേഴസന്റെയോ അനുമതി ഇല്ലാത്തവയാണ്. അതിനാല്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നടപടകിള്‍ക്കെതിരെ ചെയര്‍പേഴ്‌സണ്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്‌സമര്‍പ്പിക്കും. എക്‌സിക്യുട്ടീവ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ചെയര്‍പേഴസണ്‍ നേരത്തെതന്നെ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
















