ന്യൂദല്‍ഹി: അനാഥ കുട്ടികളെ മറ്റു പിന്നാക്ക സമുദായ വിഭാഗത്തില്‍ (ഒബിസി) ഉള്‍പ്പെടുത്തണമെന്ന് ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ (എന്‍സിബിസി). പിന്നാക്ക സമുദായ വിഭാഗത്തിന്റെ സംവരണാനുകൂല്യം അവര്‍ക്കുകൂടി ലഭ്യമാക്കുന്നതിനായാണ് ഈ നീക്കം. എന്‍സിബിസി മേധാവി ജസ്റ്റിസ് വി. ഈശ്വരയ്യരുടെ നേതൃത്വത്തിലുള്ള സമിതിയുടേതാണ് ഈ തീരുമാനം.
നിലവില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ജോലികളിലും പിന്നാക്ക സമുദായങ്ങള്‍ക്ക് 27 ശതമാനം സംവരണമാണുള്ളത്. എന്‍സിബിസിയുടെ നിര്‍ദ്ദേശപ്രകാരം പത്തുവയസ്സിനു മുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ ആരും ഏറ്റെടുത്തില്ലെങ്കില്‍ പിന്നാക്ക സമുദായ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. എന്‍സിബിസി ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ നീതി മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
മറ്റു പിന്നാക്ക സമുദായ സംവരണം ജാതിയുടെ മാനദണ്ഡത്തില്‍ നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി അടുത്തിടെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദ്ദേശം വെച്ചിരിക്കുന്നതെന്ന് എന്‍സിബിസി മെമ്പര്‍ അശോക് സെയ്‌നി പറഞ്ഞു.
















