ന്യൂദല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറില്‍ ഭാരതവും ഫ്രാന്‍സും ഒപ്പുവച്ചു. ദല്‍ഹിയിലെത്തിയ ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെവ്‌സ് ഡ്രെയിനുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമാണ് കരാറില്‍ ഒപ്പുവച്ചത്. 58,750 കോടി രൂപയ്‌ക്കാണ് വിമാനങ്ങള്‍ വാങ്ങുന്നത്. കരാര്‍ ഒപ്പിടുന്ന ദിവസം മുതല്‍ 36 മാസത്തിനും 66 മാസത്തിനും ഇടയില്‍ വിമാനങ്ങള്‍ നല്‍കും.
36 ജെറ്റുകള്‍ക്ക് 12 ബില്യണ്‍ ഡോളറായിരുന്നു (1200 കോടി) ഫ്രാന്‍സ് ആദ്യം മുന്നോട്ടുവച്ച തുക. കഴിഞ്ഞവര്‍ഷം നടത്തിയ പാരിസ് സന്ദര്‍ശനത്തില്‍ 36 ജെറ്റുകള്‍ ഓര്‍ഡര്‍ ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ മന്ത്രാലയം 120 ജെറ്റുകള്‍ വാങ്ങുന്നതിനായിരുന്നു തീരുമാനമെടുത്തിരുന്നത്. എന്നാല്‍ വില സംബന്ധിച്ച് തര്‍ക്കം തുടര്‍ന്നതിനാല്‍ വിമാനത്തിന്റെ എണ്ണത്തില്‍ കുറവുവരികയായിരുന്നു. കരാറിന്റെ ഭാഗമായി ഫ്രഞ്ച് കമ്പനി ഭാരതത്തില്‍ 300 കോടി രൂപയുടെ നിക്ഷേപം നടത്തണം.
ഇരട്ട എഞ്ചിനുകളുള്ള ഇടത്തരം വിവിധോദ്യേശ വിമാനമാണ് റാഫേല്‍. അയല്‍രാജ്യത്തെത്തി ആക്രമണം നടത്താനും യുദ്ധക്കപ്പലുകളെ നേരിടാനും അണുവായുധം വഹിക്കുവാനും ശേഷിയുള്ള യുദ്ധവിമാനങ്ങളാണിത്.
ഭാരതത്തിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ട് 150 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് മിസൈല്‍ അയയ്‌ക്കാന്‍ കഴിയുന്നതാണ് റാഫേല്‍ വിമാനങ്ങള്‍. ഫ്രാന്‍സിലെ ഡസു ഏവിയേഷനാണ് റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നത്.
കാലപ്പഴക്കം ചെന്ന റഷ്യന്‍ നിര്‍മിത മിഗ് വിമാനങ്ങള്‍ പടി പടിയായി ഡീ കമ്മിഷന്‍ ചെയ്ത് പൂര്‍ണമായും ഒഴിവാക്കി പകരം റാഫേലുകളും യുഎസ് നിര്‍മിത എഫ് 16ഉം തദ്ദേശീയമായി വികസിപ്പിച്ച തേജസും വ്യോമസേനയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് ഭാരതം കരാറില്‍ ഒപ്പിടുന്നത്.
അതേസമയം റാഫേല്‍ വിമാനങ്ങള്‍ ലഭിച്ചാല്‍ ഭാരത വ്യോമസേനയ്‌ക്കു കൂടുതല്‍ കരുത്താര്‍ജിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
















