കുപ്‌വാര: ഇന്ത്യാ-പാക് നിയന്ത്രണ രേഖയില്‍ വെടിവയ്‌പ്. സംശയകരമായ സാഹചര്യത്തില്‍ ചിലരെ കണ്ടതോടെയാണ് സുരക്ഷാ സേന വെടിവച്ചത്. കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ അതിര്‍ത്തിരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.
ഉറി ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ കരസേനയും ബിഎസ്‌എഫും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കരസേന രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടഞ്ഞിരുന്നു. ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഉറിയില്‍ ഭീകരാക്രമണത്തിന് ശേഷവും പാക്കിസ്ഥാന്‍ ഭാരതത്തിലേക്ക് കൂടുതല്‍ ഭീകരരെ അയയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.
അതിനിടെ പാക്കിസ്ഥാനും അതിര്‍ത്തിയില്‍ സേനാനീക്കം ശക്തമാക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള മറുപടിയാണ് ഭാരതത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക എന്ന ആശങ്കയിലാണ് പാക്കിസ്ഥാന്‍. വ്യാഴാഴ്ച ഇസ്ലമാബാദില്‍ എഫ് 16 യുദ്ധവിമാനങ്ങള്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തിരുന്നു.
















