ചെന്നൈ: കടുത്ത പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുബ്ബയ്യ വിശ്വനാഥന്‍ പറഞ്ഞു.
68കാരിയായ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ അനുകൂല വിധിവന്ന ശേഷം അധികാരത്തില്‍ തിരിച്ചെത്തിയ ജയലളിത പൊതുവേദികളിള്‍ പ്രത്യക്ഷപ്പെടുന്നത് വളരെ അപൂര്‍വ്വമായി മാത്രമായിരുന്നു. ഇതിനെ തുടര്‍ന്ന് ജയലളിതയ്‌ക്ക് എന്തോ ഗുരുതരമായ അസുഖമുണ്ടെന്ന് അഭ്യൂഹം പടര്‍ന്നിരുന്നു.
ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി അടക്കമുള്ള എതിരാളികള്‍ ജയയുടെ ആരോഗ്യനിലയെകുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും യഥാര്‍ഥ വിവരം പുറത്തുവിടാന്‍ അണ്ണാ ഡിഎംകെ തയാറായിരുന്നില്ല.
അടുത്തിടെ ജയലളിത പങ്കെടുത്ത മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വേഗത്തില്‍ അവസാനിപ്പിച്ചതും അഭ്യൂഹത്തിന് ശക്തികൂട്ടുന്നതായിരുന്നു.പിന്നീട് പങ്കെടുത്ത സ്വാതന്ത്ര്യദിന ചടങ്ങിലും ജയയെ ക്ഷീണിതയായി കാണപ്പെട്ടു. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചതും സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയതും കസേരയില്‍ ഇരുന്നു കൊണ്ടാണ്.
കരള്‍രോഗത്തെത്തുടര്‍ന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍.
















